തിരുവനന്തപുരം: ശമ്പള പരിഷ്കരണ ഉത്തരവിലെ പിഴവ് മൂലം ജല അതോറിറ്റിയിൽ ജീവനക്കാരുടെ നൈറ്റ് ഡ്യൂട്ടി അലവൻസ് തിരിച്ചുപിടിക്കുന്നു. രാത്രികാല ഡ്യൂട്ടിയിലുള്ള ഓപറ്റേിങ് വിഭാഗം ജീവനക്കാർക്ക് നൈറ്റ് ഡ്യൂട്ടി അലവൻസായി ദിവസവും 80 രൂപ എന്നതിനു പകരം മാസം 80 രൂപ എന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയത്. ഉത്തരവിലെ പിഴവ് തിരുത്താതെ തന്നെ നൈറ്റ് ഡ്യൂട്ടിക്കാർക്ക് പ്രതിദിനം 80 രൂപ ശമ്പളത്തോടൊപ്പം ലഭിച്ചിരുന്നു. 2022 ഒക്ടോബർ 25 നാണ് ശമ്പള പരിഷ്കരണ ഉത്തരവിറങ്ങിയത്.
എന്നാൽ, ഓഡിറ്റിങ്ങിൽ ഇത് കണ്ടെത്തുകയും മാസം 80 രൂപ എന്ന് ഉത്തരവിലുള്ളതിനാൽ ഈ തുക മാത്രമേ നൽകാവൂവെന്ന് നിർദേശിക്കുകയും ചെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ശമ്പള പരിഷ്കരണ ഉത്തരവിറങ്ങിയതുമുതൽ അധികമായി വാങ്ങിയ തുക തിരിച്ചടക്കണമെന്ന നിർദേശവും വന്നു. ഇത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികൂല സാഹചര്യങ്ങളിൽ കുടിവെള്ള വിതരണ പദ്ധതികളിലടക്കം രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് അർഹതപ്പെട്ട തുക നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് ഓപറേറ്റിങ് വിഭാഗത്തിലുള്ളവർ പറയുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ മാനേജ്മെന്റിനെ സമീപിച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നുമാണ് ജല അതോറിറ്റി മാനേജ്മെന്റ് വൃത്തങ്ങളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.