തൊടുപുഴ: വെള്ളക്കരം വർധിപ്പിച്ച് പ്രതിക്കൂട്ടിലായ സംസ്ഥാന ജല അതോറിറ്റി വരുമാനം കണ്ടെത്താൻ പുതുവഴികൾ തേടുന്നു. അതോറിറ്റിക്ക് വിവിധയിടങ്ങളിലുള്ള ഭൂമിയിൽനിന്ന് പരമാവധി വരുമാനം നേടിയെടുക്കാവുന്ന മാർഗങ്ങളാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അതോറിറ്റി മാനേജിങ് ഡയറക്ടർ സമർപ്പിച്ച പ്രാഥമിക നിർദേശത്തിന് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകി.
അതോറിറ്റിയുടെ നഷ്ടം നികത്താനാണ് വെള്ളക്കരം വർധിപ്പിച്ചതെന്നാണ് ന്യായീകരണം. കുടിശ്ശിക പിരിച്ചെടുക്കാതെയും വരുമാനത്തിന് ഇതര മാർഗങ്ങൾ തേടാതെയും ബാധ്യത ജനങ്ങൾക്ക്മേൽ കെട്ടിവെക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ് വരുമാനം കണ്ടെത്താൻ മറ്റ് വഴികൾ തേടുന്നത്. അതോറിറ്റിയുടെ കൈവശമുള്ള ഭൂമി പലതും ഇപ്പോൾ വെറുതെ കിടക്കുകയാണ്. ഫലപ്രദമായി വിനിയോഗിച്ചാൽ 20 ശതമാനമെങ്കിലും വരുമാനം ഇതിൽനിന്ന് കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
മൊബൈൽ നെറ്റ്വർക്ക് ടവറുകൾ, വാൾ പെയ്ന്റിങ്, പാർക്കിങ്, മുറികൾ വാടകക്ക് നൽകാൻ കഴിയുന്ന െഗസ്റ്റ്ഹൗസുകളുടെ നിർമാണം, സിനിമ ചിത്രീകരണം, സൗരോർജ പാനലുകൾ സ്ഥാപിക്കൽ, വൈദ്യുതി വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി അതോറിറ്റിയുടെ ഭൂമി വിട്ടുനൽകാനും അതുവഴി പുതിയ വരുമാനമാർഗങ്ങൾ വികസിപ്പിച്ചെടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ സർക്കാറിന് സമർപ്പിക്കാൻ ജല അതോറിറ്റി എം.ഡിയോട് നിർദേശിച്ചിട്ടുണ്ട്. ഇത്കൂടി പരിശോധിച്ച ശേഷമാകും അന്തിമ അനുമതി നൽകുക. ഇതോടൊപ്പം, ജലസേചന വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളും അനുബന്ധ സൗകര്യങ്ങളും കേന്ദ്രീകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികളും പുരോഗമിക്കുകയാണ്. അതോറിറ്റിക്ക് 1591.43 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ 1200 കോടിയും വിവിധ സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും വെള്ളക്കരം ഇനത്തിൽ അടക്കാനുള്ളതാണ്. ഇത് പൂർണമായി പിരിച്ചെടുക്കുക എളുപ്പമല്ലെന്ന് കണ്ടതോടെയാണ് വറ്റ് വഴികളിലൂടെ വരുമാനം കണ്ടെത്താനുള്ള നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.