ഇടുക്കി: കാലവർഷം ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗമുയരുന്നു. ഒരാഴ്ചക്കിടെ പത്തടിയാണ് ഇടുക്കി അണക്കെട്ടിൽ ഉയർന്നത്. ഈ മാസം ഒന്നിന് 2340.74 അടിയായിരുന്ന ജലനിരപ്പ് ഏഴ് ദിവസംകൊണ്ട് 2351.18 അടിയിലെത്തി.
പരമാവധി സംഭരണശേഷിയുടെ 47 ശതമാനമാണിത്. 2403 അടിയാണ് പരമാവധി ശേഷി. നീരൊഴുക്ക് ശക്തമായ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടടി വീതമാണ് ജലനിരപ്പുയർന്നത്.
40 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ജലമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഡാമിലേക്ക് ഒഴുകിയെത്തിയത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗവും ഉൽപാദനവും കുറഞ്ഞിട്ടുണ്ട്.
മൂലമറ്റം പവർഹൗസിൽ കഴിഞ്ഞ മാസം വരെ ദിവസവും ശരാശരി 6.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നത് ഇപ്പോൾ 3.5 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. വെള്ളിയാഴ്ച 3.5 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. ഈ മാസം ഇതുവരെ 21.18 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. കല്ലാർക്കുട്ടി, പാംബ്ല അണക്കെട്ടുകളിലെ ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 128.3 അടിയായി.
വെള്ളിയാഴ്ച പകൽ മാറിനിന്ന മഴ വൈകീട്ടോടെ ശക്തമായി തിരിച്ചെത്തി. വെള്ളിയാഴ്ച രാവിലെ ഏഴ് വരെയുള്ള 24 മണിക്കൂറിൽ 37.46 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്.
ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്- 68.4 മില്ലീമീറ്റർ. വരുംദിവസങ്ങളിൽ കാലവർഷം ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങിങ്ങ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടതല്ലാതെ കാര്യമായ മഴക്കെടുതികൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല.
പുല്ലുപാറയിൽ മരം വൈദ്യുതി ലൈനിലേക്ക് കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.