വയനാട് ചേകാടിയിൽ വോട്ട് ചെയ്യാൻ വരിനിൽക്കുന്നവർ 

ചേലക്കരയിൽ പോളിങ് 70 ശതമാനത്തിന് മുകളിൽ; വയനാട്ടിൽ ഇത്തവണ കുറവ്

കൽപറ്റ/തൃശൂർ: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ പോളിങ് സമയം അവസാനിച്ചു. വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് ചിലയിടങ്ങളിൽ പോളിങ് തുടർന്നത്. ചേലക്കരയിൽ വൈകീട്ട് 6.54 വരെ 72.54 ശതമാനം പോളിങ് പൂർത്തിയായി. വയനാട്ടിൽ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പോളിങ് ശതമാനം 64.84 പിന്നിട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ല.

വലിയ പ്രശ്നങ്ങളില്ലാതെയാണ് വയനാട്ടിലും ചേലക്കരയിലും പോളിങ് നടന്നത്. ഇരു മണ്ഡലത്തിലും വിവിധ ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായ സംഭവമുണ്ടായി. പോളിങ് വേഗത കുറവാണെന്ന പരാതികളും വ്യാപകമായി ഉയർന്നു.

വയനാട്ടിൽ പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്​ എന്നതാണ്​ മറ്റൊരു കൗതുകം. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്.

സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. സ്നേഹവും വാത്സല്യവും തിരികെ നൽകാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും പ്രതിനിധിയാകാനും അവസരം നൽകുമെന്നാണ് തന്‍റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു -പ്രിയങ്ക പറഞ്ഞു.

ചേലക്കരയിൽ യു.ആർ. പ്രദീപ്​ (എൽ.ഡി.എഫ്​), രമ്യ ഹരിദാസ്​ (യു.ഡി.എഫ്​), കെ. ബാലകൃഷ്ണൻ (എൻ.ഡി.എ) എന്നിവരുൾപ്പെടെ ആറു പേരാണ്​ മത്സരരംഗത്തുള്ളത്​. മണ്ഡലത്തിൽ ആകെ 2.13 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 1.11 ലക്ഷം സ്ത്രീകളും 1.01 ലക്ഷം പുരുഷ വോട്ടർമാരുമാണുള്ളത്. ചേലക്കരയിൽ 1375 പേർ ഹോം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Wayanad Chelakkara assembly by elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.