ഉരുളിൽ ഉള്ളുപൊട്ടി വയനാട്; രക്ഷാ പ്രവര്‍ത്തനത്തിന് കൈകോർത്ത് നാട്

കൽപറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ നാട് ഒന്നാകെ രക്ഷാ പ്രവര്‍ത്തനത്തിന് കൈകോര്‍ത്തിറങ്ങുന്ന കാഴ്ചയാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരായ കെ. രാജന്‍, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്‍. കേളു, എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ജില്ല കലക്ടര്‍ ആര്‍.ഡി. മേഘശ്രീ, ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വളന്‍റിയര്‍മാര്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ട്. ആര്‍മി പ്ലാറ്റൂണ്‍സ്, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും നാട്ടുകാരുമടക്കം ആയിരകണക്കിനാളുകളാണ് സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം രക്ഷാ പ്രവര്‍ത്തനത്തിൽ പങ്കെടുക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മണ്ണ് നീക്കി യന്ത്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

ആരോഗ്യ വകുപ്പിന്‍റെ മെഡിക്കല്‍ സംഘം മുഴുവന്‍ സജ്ജീകരണങ്ങളോടെ ചൂരല്‍മലയിലുണ്ട്. ചൂരല്‍മലയില്‍ താലൂക്ക്തല ഐ.ആര്‍.എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. സമീപ ജില്ലകളില്‍നിന്ന് അഗ്‌നി രക്ഷസേനയെയും കണ്ണൂര്‍ പ്രതിരോധ സുരക്ഷ സേന വിഭാഗവും രക്ഷപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. കണ്ണൂര്‍ ഡി.എസ്.സിയില്‍നിന്ന് ആറ് ഓഫിസർമാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളാണ് എത്തിയത്. ഉപകരണങ്ങള്‍ അടങ്ങിയ രണ്ട് ട്രക്കും ആംബുലന്‍സും സംഘത്തോടൊപ്പം ഉണ്ട്.

മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായി എന്‍.ഡി.ആര്‍.എഫ്, മദ്രാസ് റജിമെന്‍റ്, ഡിഫന്‍സ് സര്‍വിസ് കോപ്‌സ്, സന്നദ്ധ സേനകള്‍ ഉള്‍പ്പെടെ വടവും ഡിങ്കി ബോട്ട്‌സും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പി.ആര്‍.ഡി ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

Tags:    
News Summary - Wayanad joins hands for rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.