കൽപറ്റ: ഹൃദയഭേദകമാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കാഴ്ച. ചൂരൽമലയിൽനിന്നും മുണ്ടക്കൈയിൽനിന്നും രക്ഷാപ്രവർത്തകർ കണ്ടെത്തുന്ന മൃതദേഹങ്ങൾ ആദ്യമെത്തിക്കുന്ന പ്രധാന കേന്ദ്രമാണിത്. സൈറൺ മുഴക്കി മൃതദേഹവുമായി എത്തുന്ന ആംബുലൻസുകൾക്കരികിലേക്ക് ഉറ്റവരെ നഷ്ടമായവർ വിലപിച്ച് പാഞ്ഞടുക്കുകയാണ്. മക്കളുടെ, പിതാവിന്റെ, മാതാവിന്റെ, ഭർത്താവിന്റെ, ഭാര്യയുടെ, ബന്ധുക്കളുടെ ചേതനയറ്റ ശരീരം തിരിച്ചറിയാനായി. കണ്ണീരും വേദനയുമായി വിതുമ്പുന്ന സ്ത്രീകൾ അടക്കമുള്ളവരെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല. മൃതദേഹങ്ങൾ പലതും മണ്ണിനടിയിൽ കിടന്ന് വികൃതമായ നിലയിലാണ്. ചിലതിന് കൈകാലുകളക്കം അവയവങ്ങളില്ല. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നവർ, കുളിപ്പിച്ച് വൃത്തിയാക്കുന്നവർ, തിരിച്ചറിയാൻ ബന്ധുക്കളെ സഹായിക്കുന്നവർ, പോസ്റ്റ്മോർട്ടം ചെയ്യുന്നവർ, മൃതദേഹം കമ്യൂണിറ്റി ഹാളിലേക്ക് മാറ്റുന്നവർ... എല്ലാവരും കൈമെയ് മറന്ന് ഒരു ചങ്ങലയെന്നോണം പ്രവർത്തിക്കുകയാണിവിടെ.
സന്നദ്ധ പ്രവർത്തകരും അവസരത്തിനൊത്ത് എല്ലാം സഹായവും നൽകുന്നു. ഉറ്റവർ പോയ ബന്ധുക്കൾ പരസ്പരം കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് ഹൃദയഭേദകം. ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ പെട്ടെന്ന് പോസ്റ്റ്മോർട്ടം മടക്കമുള്ള നടപടികൾ പൂർത്തിയാക്കി സമീപത്തെ മേപ്പാടി ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിലും സമീപത്തെ ശ്മശാനത്തിലുമാണ് അടക്കം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.