തിരുവനന്തപുരം: വയനാട് ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്കെത്തിയതോടെ പുനരധിവാസ ദൗത്യത്തിനായുള്ള ചർച്ചകളിലേക്ക് സർക്കാർ.
പ്രളയകാലത്തെ നേരിട്ട മാതൃകയിൽ ദുരിതബാധിതരെ ആത്മവിശ്വാസത്തോടെ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്തലാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. സാമൂഹികമായ അടിസ്ഥാനസൗകര്യങ്ങൾ മുതൽ എല്ലാം നഷ്ടപ്പെട്ട വലിയൊരു ജനവിഭാഗത്തിന്റെ വീടും ഉപജീവനവുമടക്കം ഭാരിച്ച ദൗത്യമാണ് ഇനി സർക്കാറിന് മുന്നിലുള്ളത്.
ദുരന്തത്തിന്റെ ആഘാതം വിലയിരുത്തിയും നാശനഷ്ടം കണക്കാക്കിയുമാണ് പുനരധിവാസ ദൗത്യത്തിലേക്ക് കടക്കുക. കൃഷി, ജലവിഭവം, പരിസ്ഥിതി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ഗതാഗതം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകൾ വഴി പദ്ധതിരേഖകൾ തയാറാക്കും. ഇതെല്ലാം ഉൾപ്പെടുത്തി വിശദരൂപരേഖയും നിർവഹണത്തിനുള്ള സമയക്രമവും നിശ്ചയിച്ചാകും പുനരധിവാസ നീക്കങ്ങൾ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സ്വരൂപിക്കുന്ന തുകയക്ക് പുറമേ വിവിധ വകുപ്പുകള്‍ക്ക് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ വിഹിതത്തിന്റെ പുനഃക്രമീകരണത്തിലെ അധികതുക കണ്ടെത്താനും ആലോചനയുണ്ട്.
കേന്ദ്ര ദുരന്ത പ്രതിരോധ നിധിയില്‍ നിന്നും കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നും ലഭ്യമായേക്കുന്ന വിഹിതവും കേന്ദ്ര സര്‍ക്കാര്‍ സ്കീമുകളിലെ ഫ്ലക്സി ഫണ്ടുമാണ് മറ്റൊരു പ്രതീക്ഷ. ദുരന്തപശ്ചാത്തലത്തിൽ വായ്പ പരിധിയിൽ കേന്ദ്രത്തോട് ഇളവ് തേടുന്നതും പരിഗണനയിലുണ്ട്.
ഇതിനോടകം 480 ഓളം വീടുകൾ വിവിധി ഏജൻസികളും സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാറിന്റെ കണക്ക് പ്രകാരം 11700 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
സാധാരണ വെള്ളം കയറിയത് മൂലം മുൻകരുതലെന്ന നിലയിലല്ല, മറിച്ച് എല്ലാം നഷ്ടപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവും. നഷ്ടപരിഹാരം സംബന്ധിച്ച് വിശദാംശ ശേഖരണം പൂർത്തിയായാൽ മാത്രമേ എത്ര വീടുകൾ നിർമിക്കണമെന്നത് തീരുമാനിക്കാനവൂ.
രക്ഷാദൗത്യം പൂർത്തിയാകുന്നതോടെ സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പുവരുത്തി നഷ്ടപരിഹാരം സംബന്ധിച്ച സർവേ നടത്തും.
സാധ്യമാകും വേഗത്തിൽ ഇവ പൂർത്തിയാക്കും. പൂർണമായി തകർന്ന വീടുകൾ, ഭാഗികമായി തകർന്ന വീടുകൾ എന്നിങ്ങനെ തരംതിരിച്ചാകും പുനരധിവാസ പാക്കേജുകൾ തയാറാക്കുക. പ്രളയകാലത്ത് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാറിന്റെ നേരിട്ടുള്ള ധനസഹായത്തിൽ 10,665 വീടുകളാണ് നിർമിച്ചത്.
ഭാഗികമായി കേടുപാട് പറ്റിയവർക്ക് നാശനഷ്ടത്തിന്റെ സ്വഭാവം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് അന്ന് നഷ്ടപരിഹാരവും നൽകിയിരുന്നു. 15 ശതമാനം വരെ, 16-29 ശതമാനം വരെ, 30-59 ശതമാനം വരെ, 60-74 ശതമാനം വരെ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഭാഗികമായി തകർന്ന വീടുകൾക്ക് നാശനഷ്ടം കണക്കാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.