മുണ്ടക്കൈ: നാടിന്റെ ഉള്ളുലച്ച മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനമെന്ന് കരുതുന്ന പുഞ്ചിരി മട്ടത്തായിരുന്നു അഭിജിത്തിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിൽ ഇനി ആരുമില്ല. നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം അഭിജിത്തിനെ തനിച്ചാക്കി. വയനാട്ടിലെ മനോഹരമായ നാടും വീടിന്റെ പരിസരവും ഉൾപ്പെടുന്ന ചിത്രങ്ങൾ ഓരോന്നായി ഫോണിൽനിന്ന് ഡിലീറ്റ് ചെയ്യുകയാണ് അഭിജിത്ത്. മേപ്പാടി ജി.വി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് അഭിജിത്ത് ചോദിക്കുന്നു; എന്തിനാണ് എനിക്കിനി ചിത്രങ്ങൾ..
കനത്ത മഴയിൽ പൊതുവെ സുരക്ഷിതമെന്നു കരുതിയ ഉയർന്ന പ്രദേശത്താണ് വീട്. മഴ കനക്കുമ്പോൾ തൊട്ടു താഴെയുള്ള ബന്ധുക്കളും ഈ വീട്ടിൽ ആണ് കഴിയുക. പതിവുപോലെ ഉരുൾപൊട്ടൽ ദിനത്തിലും അവർ എല്ലാവരും വീട്ടിലെത്തി. തിങ്കളാഴ്ച രാത്രി വിളിച്ചപ്പോഴും എല്ലാവരും സന്തോഷവാന്മാരായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ എല്ലാം പോയി. തിരുവനന്തപുരത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ അഭിജിത്ത് നാട്ടിലെത്തിയപ്പോഴാണ് ദുരന്തത്തിന്റെ ഭീകരത കൃത്യമായറിഞ്ഞത്. അഭിജിത്തിന്റെ വീട്ടിൽ അച്ഛൻ സുബ്രഹ്മണ്യൻ (50), അമ്മ ബബിത (45), സഹോദരി ഗ്രീഷ്മ (25), മൂത്ത സഹോദരൻ ഗിരിജിത്ത് (22), മുത്തശ്ശി തൈക്കുട്ടി (84) എന്നിവരുൾപ്പെടെ 12 പേരാണ് താമസിച്ചിരുന്നത്. എല്ലാവരെയും ഉരുളെടുത്തു.
അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ടെത്തി. അമ്മയെയും സഹോദരനെയും മുത്തശ്ശിയെയും ഇതുവരെ കണ്ടെത്താനായില്ല. ഉയരമുള്ള പ്രദേശം എന്നതിനാൽ രക്ഷപ്പെടാമെന്ന നിലക്ക് വീട്ടിലെത്തിയ അമ്മാവൻ പാറക്കളം നാരായണനും അമ്മായി ശാന്തയും അവരുടെ മകൾ പ്രതിഭയും ഉരുൾപൊട്ടലിൽ പോയി. ഇതിൽ പ്രതിഭ ഒഴികെയുള്ളവരുടെ മൃതദേഹം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.