ഒ​ഴു​ക്കി​ല്‍പെ​ട്ട ച​ങ്ങാ​ട​ത്തി​ലു​ള്ള ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

ഉരുൾ ദുരന്തം: ചാലിയാറിലെ തിരച്ചിൽ തുടരും, ഇന്നലെ ലഭിച്ചത് ഒരു മൃതദേഹവും നാല് ശരീര ഭാഗങ്ങളും

നിലമ്പൂർ: വയനാട് ഉരുൾദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും. ഇന്നലെ ഒരു മൃതദേഹവും നാല് ശരീര ഭാഗങ്ങളും കൂടി ചാലിയാറിൽനിന്ന് ലഭിച്ചു. മുണ്ടക്കൈ-ചൂരൽമല മേഖലയിലും തിരച്ചിൽ തുടരും. ദുരന്തത്തിന്‍റെ പത്താംദിനമാണിന്ന്.

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ദുരന്തമേഖലകൾ സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തി​ലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും.

ഇന്നലെ രാവിലെ 11.35ന് ചാലിയാറിൽ മൈലാടി പാലത്തിന് സമീപത്തുനിന്നാണ് പുരുഷന്‍റെ അരക്കു മുകളിലുള്ള ഭാഗം ലഭിച്ചത്. മഞ്ചേരി അഗ്നിരക്ഷ സേനയാണ് മൃതദേഹം കണ്ടെടുത്തത്. പോത്തുകല്ല് ഇരുട്ടുകുത്തിയിൽനിന്ന് 11.30ഓടെ ഒരു കാൽപാദം, ഒരു ശരീരഭാഗം, ഒരു എല്ലിൻകഷ്ണം എന്നിവ ലഭിച്ചു. വൈകീട്ട് 6.30ന് പോത്തുകല്ല് വാണിയമ്പുഴ ആദിവാസി നഗറിന് സമീപത്തുനിന്ന് ഒരു ശരീരഭാഗവും ലഭിച്ചു.

ഇതോടെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ 77ഉം ശരീരഭാഗങ്ങള്‍ 169ഉം ആയി. 39 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആണ്‍കുട്ടികളുടെയും നാല് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ബുധനാഴ്ച ലഭിച്ച മൃതദേഹവും നാല് ശരീരഭാഗങ്ങളും ജില്ല ആശുപത്രിയിലുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇവ വ‍്യാഴാഴ്ച വയനാട്ടിലേക്ക് കൊണ്ടുപോകും. ഉരുൾപൊട്ടലിൽ കാണാതായവരിൽ 152 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ‍്യോഗിക കണക്ക്. അതിനാൽ ചാലിയാറിലെ തിരച്ചിൽ തുടരും. 

ജൂലൈ 30ന് പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടാവുകയായിരുന്നു. 413 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നൂറിലേറെ പേരെ കണ്ടെത്താനുമുണ്ട്. 

Tags:    
News Summary - Wayanad landslide search in chaliyar to be continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.