വയനാട് മെഡിക്കൽ കോളജ് മടക്കിമല ഭൂമിയിൽ നിർമിക്കണം; 15ന് കൽപറ്റയിൽ ബഹുജന ധർണ

കൽപറ്റ: കോട്ടത്തറ വില്ലേജിൽ മടക്കിമലക്കു സമീപം ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായി നൽകിയ 50 ഏക്കർ ഭൂമിയിൽ തന്നെ വയനാട് സർക്കാർ മെഡിക്കൽ കോളജ് നിർമിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ഈമാസം 15ന് കൽപറ്റ കലക്ടറേറ്റിനു മുമ്പിൽ ബഹുജന ധർണ നടത്തും. 21 മുതൽ തുടർ പ്രക്ഷോഭങ്ങൾ ആരംഭിക്കും. 2012ൽ പ്രഖ്യാപിച്ച അഞ്ചു മെഡിക്കൽ കോളജുകളിൽ ജനങ്ങളെ ചേരിതിരിച്ച് നിർമാണം കടലാസിൽ ഒതുക്കിയത് വയനാട്ടിൽ മാത്രമാണ്. ജില്ലയുടെ ഹൃദയഭാഗമായ മടക്കിമലയിൽ സർക്കാറിന് ദാനമായി ലഭിച്ച ഭൂമി, തെറ്റായ പരിസ്ഥിതി ആഘാത സർവേ റിപ്പോർട്ട് മറയാക്കി ഉപേക്ഷിക്കുകയും ചേലോട് എസ്റ്റേറ്റ് ഭൂമി വില കൊടുത്തു വാങ്ങാനും അരപ്പറ്റയിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളജ് വാങ്ങാനും കപട നാടകങ്ങൾ നടത്തിയ ശേഷം, കണ്ണൂർ അതിർത്തിയിൽ പാൽ ചുരത്തിനും നെടുപൊയിൽ ചുരത്തിനും സമീപത്തുള്ള, അതീവ പരിസ്ഥിതി ദുർബല പ്രദേശമായ ബോയ്സ് ടൗണിൽ ഭൂമി ഏറ്റെടുത്ത നടപടി അംഗീകരിക്കാനാവില്ല.

ചെറുതും വലുതുമായ എഴുപതോളം ആംബുലൻസുകൾ ആണ് പ്രതിദിനം വയനാട് ചുരം ഇറങ്ങി, കോഴിക്കോട് മെഡിക്കൽ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മരണപ്പാച്ചിൽ നടത്തുന്നത്. പൊൻകുഴി മുതൽ മരക്കടവ് വരെയും കേണിച്ചിറ മുതൽ പാട്ടവയൽ വരെയും വ്യാപിച്ചുകിടക്കുന്ന സുൽത്താൻബത്തേരി താലൂക്കിലെയും വടുവഞ്ചാൽ, ചൂരൽമല മുതൽ കാപ്പിക്കളം വരെയും, നടവയൽ മുതൽ ലക്കിടി വരെയും വ്യാപിച്ചുകിടക്കുന്ന വൈത്തിരി താലൂക്കിലെയും ജനങ്ങൾ, വിദഗ്ധ ചികിത്സ ലഭിക്കാൻ മാനന്തവാടി ടൗണും കടന്ന് 13 കിലോമീറ്റർ കണ്ണൂർ അതിർത്തിയിലുള്ള മെഡിക്കൽ കോളജിൽ പോകണം എന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മാനന്തവാടി ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെയും ഉപകരണങ്ങളുടെയും എണ്ണം വർധിപ്പിച്ച് ആ പ്രദേശത്തുകാരുടെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തിയാൽ മതിയായിരുന്നു. അതിനുപകരം അവിടെയും ജനത്തെ ചേരി തിരിക്കാൻ ശ്രമിച്ചു. തമിഴ്നാട്ടിലെ ഊട്ടിയിലും കർണാടകയിലെ ചാമരാജ് നഗറിലും കേരളത്തിലെ മറ്റു ജില്ലകളിലും വയനാടിന് ഒപ്പമോ അതിനുശേഷമോ പ്രഖ്യാപിച്ച മെഡിക്കൽ കോളജുകൾ എല്ലാം പ്രവർത്തനം തുടങ്ങി. ഇക്കാര്യത്തിൽ ജില്ലയിലെ വ്യത്യസ്ത രാഷ്ട്രിയ നേതൃത്വങ്ങളും മൗനം പാലിക്കുകയാണ്. മടക്കിമലയിൽ ദാനം കിട്ടിയ ഭൂമിയിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കണം എന്ന ആവശ്യം മുൻനിർത്തി ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി 5000ഓളം ആളുകളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് കൂട്ടായ്മകൾ രൂപവത്കരിക്കുകയും ശക്തമായ ബഹുജനപ്രക്ഷോഭത്തിന് രൂപം നൽകുന്നതിന് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തത്.

സമരപരിപാടികൾക്ക് തുടക്കം കുറിച്ച് 15ന് രാവിലെ 10ന് ജില്ല കലക്ടറേറ്റിനു മുന്നിൽ ബഹുജന ധർണ നടത്തും. ഇതിനു മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് 'മുനിസിപ്പൽ മെമ്പർമാർ മുതൽ പാർലമെന്റ് അംഗം വരെയുള്ള മുഴുവൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികളുടെ ജില്ല കമ്മിറ്റികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹിക നേതാക്കൾ, ക്ലബുകൾ, ലൈബ്രറികൾ എന്നിവ ഉൾപ്പെടുന്ന കമ്മിറ്റികളുടെ ഭാരവാഹികൾക്കും രേഖാമൂലം കത്ത് നൽകും.

രണ്ടാംഘട്ട സമരപരിപാടികൾക്ക് തുടക്കം കുറിച്ച് സെപ്റ്റംബർ 21, 22, 23 തീയതികളിൽ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും വാഹന പ്രചരണ ജാഥ നടത്തും. പ്രധാന ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഭീമഹർജി നൽകുന്നതിലേക്കായി ഒപ്പുശേഖരണവും നടത്തും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ വയനാട് കലക്ടറേറ്റിനു മുന്നിൽ പഞ്ചദിന സത്യാഗ്രഹ സമരം നടത്തും.

വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടി, ജനറൽ കൺവീനർ വിജയൻ മടക്കിമല, ട്രഷറർ വി.പി. അബ്ദുൽ ഷുക്കൂർ, വൈസ് ചെയർമാന്മാരായ ഗഫൂർ വെണ്ണിയോട്, ഐ.ബി. മൃണാളിനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Wayanad Medical College issue is active again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.