വയനാട് പുനരധിവാസം : വലിയ വീടിനേക്കാള്‍ പ്രധാനം കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യം-വി.ഡി സതീശൻ

വർക്കല: വയനാട് പുനരധിവാസത്തിൽ വലിയ വീടിനേക്കാള്‍ പ്രധാനം കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വീടുകള്‍ നിർമിച്ച് നല്‍കിയാല്‍ മാത്രം തീരുന്ന പ്രശ്‌നമല്ല വയനാട്ടിലേത്. മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

വരുമാനവും ഉപജീവനവും ഉണ്ടാക്കിക്കൊടുക്കണം. വലിയ വീടിനേക്കാള്‍ പ്രധാനം കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യം. കാലിത്തൊഴുത്ത് പോലും നിർമിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകരുത്. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്.

മൈക്രോ ലെവല്‍ പാക്കേജിനെ കുറിച്ച് ആലോചിക്കാമെന്നു പറയുന്ന സര്‍ക്കാര്‍, പക്ഷെ അതിന് ആവശ്യമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല. ആരാണ് യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്നതു സംബന്ധിച്ച് കൃത്യമായ പട്ടിക തയാറാക്കാത്തത് സങ്കടകരമാണ്. പുനരധിവാസത്തില്‍ സര്‍ക്കാരുമായി യോജിച്ച് പോകാന്‍ തീരുമാനിച്ചതു കൊണ്ടാണ് പലതും പറയാത്തത്.

ഇത്രയും മാസമായിട്ടും ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്ക് പോലുമില്ല. ആദ്യം തയാറാക്കിയ പട്ടികയില്‍ ഇരട്ടിപ്പുണ്ടായി. പഞ്ചായത്ത് അധികൃതരുമായി പോലും ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടില്ല. വേണ്ട രീതിയിലല്ല ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. പുനരധിവാസത്തില്‍ സര്‍ക്കാര്‍ കുറേക്കൂടി ശ്രദ്ധ കാട്ടണമെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - Wayanad Rehabilitation: They need more space than a big house-VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 08:27 GMT