വാകേരി: എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ചക്കായി എന്നു നാട്ടുകാരടക്കം വിളിച്ചിരുന്ന പ്രജീഷ്. കഴിഞ്ഞ ദിവസമാണ് കടുവ ഇദ്ദേഹത്തെ കൊന്നത്. കുട്ടികൾ മുതൽ വലിയവർ വരെ ചക്കായി എന്നായിരുന്നു പ്രജീഷിനെ വിളിച്ചിരുന്നത്.
ചക്കായി നരഭോജി കടുവയുടെ ആക്രമണത്തിൽ മരിച്ചപ്പോൾ മാത്രമാണ് പലരും അവന്റെ യഥാർഥ പേര് പ്രജീഷ് എന്നാണെന്ന് അറിയുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും സഹായമായി പ്രജീഷ് നാട്ടുകാർക്കൊപ്പമുണ്ടാവുമായിരുന്നു. സ്ത്രീകളടക്കമുള്ളവർക്ക് അവനെ കുറിച്ച് പറയാൻ നല്ലതുമാത്രം.
പാൽ അളക്കാൻ വരുന്ന കൂടല്ലൂർ കവലയിൽ നേരത്തേ എത്തി എല്ലാവരുമായും കുശലപ്രശ്നം നടത്തി കുറച്ചു സമയം ചെലവഴിച്ചശേഷം മാത്രമാണ് പ്രജീഷ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. ദുശ്ശീലങ്ങളില്ലാത്ത പ്രജീഷ് പത്താംക്ലാസ് കഴിഞ്ഞതോടെ കൃഷിയും പശു, ആട് വളർത്തലുമായി വീട്ടിൽ തന്നെയായിരുന്നു. വാഴകൃഷിയും ചെയ്തിരുന്നു. ദൂര സ്ഥലങ്ങളിൽ പോയി പശുക്കൾക്കായി പുല്ല് ചെത്തി കൊണ്ടു വരാറുണ്ട്. ഇതിനായി പഴയ ജീപ്പും പ്രജീഷ് ഉപയോഗിച്ചിരുന്നു. പ്രജീഷിന്റെ പിതാവ് കുട്ടപ്പൻ എട്ടു വർഷം മുമ്പാണ് മരിച്ചത്. പിന്നീട് സഹോദരങ്ങളുടെ അധ്വാനത്തിലാണ് ജീവിതം പതിയെ പച്ചപിടിച്ചു തുടങ്ങിയത്. അടുത്തിടെയാണ് പഴയ വീട് നന്നാക്കിയത്.
കുറച്ചു കാലമായി വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു. ഏക സുഹൃത്തിന്റെ മരണത്തിന് കാരണമായ കടുവയെ എങ്ങനെയെങ്കിലും പിടികൂടി കൊല്ലണമെന്നാണ് പ്രജീഷിന്റെ സുഹൃത്ത് അനൂപിന്റെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.