‘സമത്വസുന്ദരവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്’; ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വസുന്ദരവും ഐശ്വര്യപൂർണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുക.

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും ഓണം ഐശ്വര്യപൂർണമാക്കാൻ വേണ്ടതൊക്കെ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. ക്ഷേമപെൻഷനുകളുടെ വിതരണം മുതൽ ന്യായവിലക്കുള്ള പൊതുവിതരണം വരെ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിസന്ധികളിൽ സർക്കാർ ഉയർത്തിയ മുദ്രാവാക്യം ഉണ്ടല്ലോ, 'സർക്കാർ ഒപ്പമുണ്ട്' എന്നതായിരുന്നു അത്. ആഘോഷവേളയിലും അത് തന്നെ പറയട്ടെ, സർക്കാർ ഒപ്പമുണ്ട്.

മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം. വേർതിരിവുകൊണ്ടും ഭേദചിന്തകൾകൊണ്ടും കലുഷമാകാത്ത മനസ്സുകളുടെ ഒരുമയാകട്ടെ ഇക്കൊല്ലത്തെ ഓണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏവർക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകളും നേർന്നു.

Tags:    
News Summary - 'We are doing everything necessary to make Onam prosperous, the government is with us'; Chief Minister wishes onamasham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.