പഴയങ്ങാടി (കണ്ണൂർ): നവകേരള സദസ്സ് യാത്രക്കിടെ മുഖ്യമന്തിയുടെ ബസിനുനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസുകാർക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാതെ പൊലീസ്. മർദനത്തിൽ മാരകമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ചികിത്സയിലാണ്.
യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാൽ, മഹിത മോഹനൻ, യൂത്ത് കോൺഗ്രസ് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, കെ.എസ്.യു കല്യാശ്ശേരി ബ്ലോക്ക് സെക്രട്ടറിയും പോളിടെക്നിക് വിദ്യാർഥിയുമായ സൻജു സന്തോഷ് എന്നിവർക്കാണ് മർദനത്തിൽ മാരകമായി പരിക്കേറ്റിരുന്നത്.
ചെടിച്ചട്ടികൊണ്ട് തലക്ക് അടിയേറ്റ സുധീഷ് വെള്ളച്ചാൽ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മൂന്നു ദിവസം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മാസങ്ങളായി ചികിത്സിച്ചിട്ടും തലയിൽ രക്തം കട്ടപിടിച്ച നില തുടരുന്നതിനാൽ ഇപ്പോൾ മണിപ്പാലിൽനിന്ന് ചികിത്സ തുടരുകയാണ് സുധീഷ്. മർദനത്തിൽ സൻജു സന്തോഷിന് തലക്കും ചെവിക്കുമാണ് പരിക്കേറ്റത്.
ഇടത്തെ കർണപുടം പൊട്ടിയതിന് മൂന്നാഴ്ചയോളം ആശുപത്രിയിൽ കിടന്ന് ചികിത്സ നേടിയെങ്കിലും ചെവി അടഞ്ഞുകിടക്കുന്നതിനാൽ ചികിത്സ തുടരുകയായിരുന്നു. മഹിത മോഹനന് കൈക്കും രാഹുൽ പുത്തൻപുരയിലിന് അടിയേറ്റ് തലക്കും കടിയേറ്റ് പുറത്തുമാണ് പരിക്കേറ്റിരുന്നത്.
സംഭവത്തിൽ നാലുപേരെ പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തതിനെ തുടർന്ന് ഇവർ റിമാൻഡിലായിരുന്നു. എന്നാൽ, റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾക്ക് സി.പി.എം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്നും യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സമരത്തെ തുടർന്ന് വീണ്ടും നാലുപേരെ അറസ്റ്റ് ചെയ്തെങ്കിലും 12 പ്രതികൾക്കെതിരെ വധശ്രമ വകുപ്പുൾപ്പെടെ കേസെടുത്തിട്ടും നാലുപേരെ ഇനിയും പിടികൂടിയില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.