തിരുവനന്തപുരം: ഇഷ്ടിക ചുമന്നും കക്കൂസ് മാലിന്യം കോരിയും സർക്കാർ ജോലിക്കായി പഠിച്ചവർ, റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാൻ മുഖത്ത് വെള്ളമൊഴിച്ച് രാവിനെ പകലാക്കിയവർ, ഒടുവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ജോലിക്കായി മുട്ടിലിഴഞ്ഞും തലമുണ്ഡനം ചെയ്തും പുല്ലും മണ്ണും തിന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ ചുട്ടുപൊള്ളുന്ന റോഡിൽ ശയനപ്രദക്ഷിണം ചെയ്തും ശവമഞ്ചത്തിൽ കിടന്നും രണ്ടുമാസം ജോലിക്കായി സർക്കാറിനോട് കേണേപക്ഷിച്ച ആയിരക്കണക്കിന് യുവാക്കൾ വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലെ സമരപ്പന്തലുപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങും.
ജോലി ലഭിച്ച സന്തോഷത്തിലല്ല കൂലിപ്പണിയെടുത്താലും ഇനി ഒരിക്കലും പി.എസ്.സി പരീക്ഷ എഴുതില്ലെന്ന ദൃഢപ്രതിജ്ഞയുമായി.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ പൂഴ്ത്തിവെച്ച ഒഴിവുകൾ സാക്ഷിയാക്കി സി.പി.ഒ റാങ്ക് ലിസ്റ്റ് ഇന്ന് അവസാനിക്കും.
ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുൾപ്പെട്ട റാങ്ക് ലിസ്റ്റ് കഴിഞ്ഞ ഏപ്രിലിലാണ് നിലവിൽ വന്നത്. എന്നാൽ, 4454 പേർക്കേ നിയമനശിപാര്‍ശ ലഭിച്ചുള്ളൂ. അവയില്‍ 1018 എണ്ണവും എന്‍.ജെ.ഡി ഒഴിവുകളാണ്. ഫലത്തില്‍ പുതിയ ഒഴിവുകളായി നിയമന ശിപാര്‍ശ ഉണ്ടായത് 3436 ല്‍ മാത്രം. കഴിഞ്ഞ റാങ്ക്പട്ടികയില്‍ നിന്ന് എന്‍.ജെ.ഡി ഉള്‍പ്പെടെ 5610 പേര്‍ക്ക് നിയമന ശിപാര്‍ശ ലഭിച്ചിരുന്നു.
അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമുണ്ടായ വിജ്ഞാപനം ഏറെ പ്രതീക്ഷയോടെയാണ് ഉദ്യോഗാർഥികൾ കണ്ടത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി രണ്ടുഘട്ട എഴുത്തുപരീക്ഷ കടന്നാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. ജോലിഭാരം കുറച്ച് സേനയുടെ ശക്തി വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു റാങ്ക്ലിസ്റ്റിലുള്ളവർ കണ്ടത്. പക്ഷേ, പ്രഖ്യാപനത്തിന്റെ ആവേശം നിയമനങ്ങളിലുണ്ടായില്ല.
ഇടത് സർക്കാറിനോടുള്ള എല്ലാ വിശ്വാസവും നഷ്ടമായതായി ഉദ്യോഗാർഥികൾ പറയുന്നു. ജോലി ലഭിച്ചില്ലെന്ന് കരുതി ഞങ്ങളാരും ആത്മഹത്യ ചെയ്യില്ല. എന്തുപണിയെടുത്തും ജീവിക്കാനുള്ള ആത്മവിശ്വാസം ഈ രണ്ടുമാസം സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന് ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ബക്കറ്റിലേക്ക് ഇട്ട നാണയത്തുട്ടുകളിൽനിന്നാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്.
രാഷ്ട്രീയ ലാഭത്തിനായി ചിലർ ഞങ്ങളെ ഉപയോഗിച്ചു. സമരംകൊണ്ട് പലരും രോഗികളായി. സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനിടയിൽ 18 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പുല്ലും മണ്ണും തിന്നതിന്റെ ഭാഗമായി അപ്പൻഡിക്സ് രോഗം ബാധിച്ചവരുമുണ്ട്. ജോലിഭാരത്തെ തുടർന്ന് സേനയിൽ ആത്മഹത്യ വർധിച്ചിട്ടും ഒഴിവുകൾ നികത്താൻ സർക്കാർ തയാറായിട്ടില്ല.
സർക്കാർ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായി ഞങ്ങൾ മാറി. റാങ്ക് ലിസ്റ്റിലുള്ള 90 ശതമാനം പേർക്കും പ്രായപരിധി കഴിഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നമാണ് പിണറായി സർക്കാറും പി.എസ്.സിയും കാൽക്കീഴിലിട്ട് ചവിട്ടി ഞെരിച്ചത്. - സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് നേതാവ് അനന്തു ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.