തിരുവനന്തപുരം: വീടുകള്‍ക്കുള്ളിലും, ഓഫിസുകളിലും, കടകളിലും, പൊതുനിരത്തിലും ഉള്‍പ്പെടെ ജീവിതത്തിന്‍റെ നാനാതുറകളിലും മുഴുവന്‍ സമയവും ജാഗ്രത പുലര്‍ത്തിയേ മതിയാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണമില്ല എന്നു കരുതിയുള്ള അശ്രദ്ധ പോലും നമുക്കിപ്പോള്‍ താങ്ങാനാവുന്നതല്ല. രോഗലക്ഷണങ്ങള്‍ പുറത്തുവരാത്ത പ്രീസിംപ്റ്റമാറ്റിക് ഫേസിലാണ് അതിതീവ്ര വ്യാപനങ്ങള്‍ നടക്കാറുള്ളത്. നമ്മളറിയാതെ മറ്റുള്ളവരിലേയ്ക്ക് രോഗം പകരുകയാണ് ചെയ്യുന്നത്, അതുകൊണ്ട്, രോഗബാധിതനായ വ്യക്തി എത്രമാത്രം ജാഗ്രത കാണിക്കുന്നുവോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ രോഗവ്യാപനം ഉള്ള ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും കുറയുകയുള്ളു. ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ അതീതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടു വരാന്‍ സാധിക്കൂ. ആ വിധം ശ്രദ്ധിച്ചാല്‍ നമുക്ക് മരണങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താം.
നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും ഉല്‍പാദന മേഖലയും നിര്‍മ്മാണ മേഖലയും സ്തംഭിക്കരുത്. അതുകൊണ്ടാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ മത്സ്യ ബന്ധനം, പാല്‍ ഉല്‍പ്പാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായം, നിര്‍മാണ പ്രവര്‍ത്തനം എന്നിവയൊന്നും സ്തംഭിച്ചു പോകരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവര്‍ത്തിക്കണം.
അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്‍റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വർധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിന്റെ കാര്യത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതിനകം 57.58 ലക്ഷം പേര്‍ക്ക് ഒരു ഡോസും, 10.39 ലക്ഷം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിന്‍ കേരളത്തില്‍ നല്‍കിയിട്ടുണ്ട്. വാക്‌സിന്റെ ദൗര്‍ലഭ്യമാണ് നാം നേരിടുന്ന പ്രശ്‌നം. 50 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ല. വാക്‌സിന്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് സംഭരിച്ചുകൊള്ളണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.