ഹേമ കമ്മിറ്റി: ഞങ്ങൾക്കാർക്കും ഇതിൽ റോളില്ല, ഉദ്യോഗസ്ഥയാണ് തീരുമാനിക്കേണ്ടത് -മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ തങ്ങൾക്കാർക്കും ഒരു റോളുമില്ലെന്നും ഉത്തരവാദപ്പെട്ട സാംസ്കാരിക വകുപ്പ് പബ്ലിക് റിലേഷൻ ഉദ്യോഗസ്ഥയാണ് തീരുമാനിക്കേണ്ടതെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടണ​മെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം ഇന്നും മാധ്യമങ്ങളോട് ആവർത്തിച്ചത്.

സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതോടെ ഏറെ വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് 2.30നുള്ളിൽ പുറത്ത് വിട്ടേക്കുമെന്നാണ് സാംസ്കാരിക വകുപ്പ് നൽകുന്ന സൂചന.

നേരത്തെ ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചിരുന്നത്. എന്നാൽ, തങ്ങൾ കൊടുത്ത മൊഴി തന്നെയാണോ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി തള്ളിയ ഹൈകോടതി ഡിവിഷൻ ബെഞ്ച്, നടിക്ക് വേണമെങ്കിൽ ഈ വിഷയം ഉന്നയിച്ച് സിംഗിൾബെഞ്ചിനെ സമീപിക്കാ​െമന്നും വ്യക്തമാക്കി. കോടതി നിർദേശമനുസരിച്ച് താൻ സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടർ നടപടികളെന്ന് ശനിയാഴ്ച സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സർക്കാറിനും സാംസ്കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യർഥനയിൽ റിപ്പോർട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകർ വിവരാവകാശ കമീഷന് പരാതി നൽകിയിരുന്നു. പരാതിയിൽ എസ്.പി.ഐ.ഒയോട് വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം അടിയന്തര വിശദീകരണം തേടുകയും ചെയ്തിരുന്നു.

Tags:    
News Summary - We have no role in Hema Committee report, officials should decide - Minister Saji Cheriyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.