സമൂഹത്തിൽ വർണവിവേചനം കൊണ്ടുവരാൻ അനുവദിക്കില്ല-കെ.എസ്.കെ.ടി.യു

സമൂഹത്തിൽ വർണവിവേചനം കൊണ്ടുവരാൻ അനുവദിക്കില്ല-കെ.എസ്.കെ.ടി.യു

തിരുവനന്തപുരം : കേരള സമൂഹത്തിൽ വർണവിവേചനം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ കറുത്ത നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു എന്നത് പുരോഗമന സമൂഹത്തിന് ചേർന്ന പ്രവർത്തിയല്ലെന്നും കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ. ചന്ദ്രനും പ്രസ്താവനയിൽ അറിയിച്ചു.

കർഷക തൊഴിലാളികളടക്കമുള്ള ദുർബല ജനവിഭാഗങ്ങളെ നിറത്തിന്റെയും ജാതിയുടേയും പേരിൽ ചൂഷണം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത ചരിത്രം കേരളത്തിനുണ്ടായിരുന്നു. സാമൂഹ്യ പരിഷ്കരണ, നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ് അത്തരം ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കിയത്. ‘കാക്ക കുളിച്ചാൽ കൊക്കാകുമോ’ പോലുള്ള ചൊല്ലുകൾ ഉണ്ടായത് തൊഴിലിടങ്ങളിലെ പരിഹാസങ്ങളിൽ നിന്നാണ്. കർഷക തൊഴിലാളികളാണ് അത്തരം വർണ വിവേചനങ്ങൾക്ക് വിധേയരായിരുന്നത്.

നിരവധി സമരങ്ങളിലൂടെയും രക്തസാക്ഷ്യങ്ങളിലൂടെയുമാണ് ഇത്തരം അഭിസംബോധനകളിൽ അഭിരമിക്കുന്ന ഫ്യൂഡൽ മനസ്ഥിതിയെ കേരളം ദുർബലരാക്കിയത്. അതിനെ തിരിച്ചാനയിക്കാനുള്ള പരിശ്രമങ്ങളെ പ്രതിരോധിക്കണം. നിറത്തിന്റേയും ജാതിയുടേയുമൊക്കെ പേരിൽ പൗരൻമാരെ നിന്ദിക്കാനുള്ള മനോനില വളർത്തിയെടുക്കുന്ന സവർണ ബോധത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കെ.എസ്.കെ.ടി.യു ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - We will not allow racial discrimination to be introduced into society - KSKTU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.