കൊച്ചി: സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള സോഫ്റ്റ്െവയറിൽ യഥാസമയം വിവരങ്ങൾ ചേർക്കാൻ സാധിക്കാത്തതിനാൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് അപേക്ഷകൾ. വാര്‍ധക്യകാല, വിധവ, അവിവാഹിത, വികലാംഗ, കര്‍ഷകതൊഴിലാളി പെന്‍ഷനുകൾക്കുള്ള അപേക്ഷകളിലാണ് നടപടി വൈകുന്നത്. പെൻഷൻ മാത്രം കൈത്താങ്ങായ അനേകരാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.
കഴിഞ്ഞ ഡിസംബറോടെയാണ് വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകൾ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പരിശോധിച്ച അപേക്ഷകൾ സേവന പെൻഷൻ (https://welfarepension.lsgkerala.gov.in) എന്ന സോഫ്റ്റ് െവയറിലേക്കാണ് അപ്്ലോഡ് ചെയ്യേണ്ടത്. വിവിധ കേന്ദ്രങ്ങളിലായി ലഭിച്ചതും കമ്മിറ്റികള്‍ പരിശോധിക്കുകയും ചെയ്ത അപേക്ഷകളിൽ സെക്രട്ടറിയുടെ ഡിജിറ്റൽ ഒപ്പും ആവശ്യമാണ്. എന്നാൽ സോഫ്റ്റ് വെയർ എല്ലായ്പ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുറക്കാനാവില്ലെന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
കേന്ദ്രീകൃത വെബ്സൈറ്റ് സംവിധാനം സർക്കാറാണ് തുറന്നു നൽകേണ്ടത്. അറിയിപ്പ് ലഭിക്കുന്നമുറക്ക് തദ്ദേശ സ്ഥാപനങ്ങൾ വിവരങ്ങൾ ചേർക്കുകയാണ് പതിവ്. സൈറ്റ് തുറക്കുന്നതിലെ ക്രമമില്ലായ്മയാണ് അപേക്ഷകളിലെ തുടർനടപടി വൈകിപ്പിക്കുന്നത്. ഇതോടെ 941 പഞ്ചായത്തുകൾ, 87 നഗരസഭകൾ, ആറ് കോർപറേഷനുകൾ എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. നിലവില്‍ 42,40,551 പേരാണ് സംസ്ഥാനത്ത് ക്ഷേമ പെന്ഷൻ വാങ്ങുന്നത്.
അംഗീകരിച്ച അപേക്ഷകളിൽപ്പോലും പെൻഷൻ വിതരണം നടത്താനാവാത്ത സ്ഥിതിയാണെന്ന് കൊച്ചി നഗരസഭ മേയർ സൗമിനി ജയിൻ ‘മാധ്യമ’ത്തോടു പറഞ്ഞു. ഒരേസമയം എല്ലാ സ്ഥാപനങ്ങളും ഉപയോഗിക്കുമ്പോൾ സൈറ്റ് നിശ്ചലമാകുന്നതും പതിവാണ്. വിവരങ്ങൾ സേവ് ചെയ്ത് സൂക്ഷിക്കാനാവാത്തതിനാൽ ഇടക്ക് മുടങ്ങിയാൽ വീണ്ടും ആദ്യം മുതൽ ചേർക്കേണ്ടി വരും. അർഹതപ്പെട്ടവരുടെ പെൻഷനാണ് ഇപ്രകാരം വൈകുന്നതെന്നും മേയർ പറഞ്ഞു.
അതിനിടെ, നേരത്തെ പെൻഷൻ ലഭിച്ചിരുന്നവരിൽ പലർക്കും ഇപ്പോൾ കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിെൻറ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഒാൺലൈനായി സത്യപ്രസ്താവന നൽകിയവരിൽ പതിനായിരക്കണക്കിനാളുകൾക്കാണ് പെൻഷൻ മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.