തിരുവനന്തപുരം: പശ്ചിമഘട്ടം ക്വാറി മാഫിയക്ക് തീറെഴുതാനുള്ള ഉമ്മന്‍ ചാണ്ടിയുടെ കരടിന് പിണറായിയുടെ കൈയൊപ്പിന് നീക്കം. പതിച്ചുനല്‍കിയ പട്ടയഭൂമിയില്‍ 20 വര്‍ഷത്തിലേറെ കൃഷിനടത്തിയ ശേഷം ഖനനം നടത്തുന്നതിന് അനുവാദം നല്‍കുന്ന തരത്തില്‍ നിയമഭേദഗതി വരുത്താനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കം. ഭേദഗതി നടപ്പായാല്‍ പശ്ചിമഘട്ടം ക്വാറി മാഫിയക്ക് സ്വന്തമാകും.
മെനിങ് ആന്‍ഡ് ജിയോളജിയുടെ അനുമതിയോടെ ക്വാറി പ്രവര്‍ത്തിക്കുന്നത് തടയാനാവില്ല. കൂടാതെ സര്‍ക്കാറിന് വേണ്ടപ്പെട്ടവരെ പാരിസ്ഥിതിക അതോറിറ്റിയുടെ കസേരയില്‍ ഇരുത്തി ഇഷ്ടംപോലെ അനുമതിയുംനല്‍കാം.
പശ്ചിമഘട്ടമേഖലയില്‍ പതിച്ചുനല്‍കിയ ഭൂമി കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ ക്വാറി മാഫിയ കൈക്കലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പുറമ്പോക്കും കൈയേറിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്ത് അലസിപ്പോയ തീരുമാനങ്ങളിലൊന്നായിരുന്നു പട്ടയഭൂമിയിലെ ക്വാറി പ്രവര്‍ത്തനം. ഇപ്പോള്‍മുഖ്യമന്ത്രിയുടെ കൈയൊപ്പോടെ അത് നടപ്പാക്കാനാണ് നീക്കം.
വനഭൂമിയില്‍ റബര്‍ കൃഷിക്ക് അടക്കം പട്ടയം നല്‍കിയത് കരിങ്കല്‍ ഖനനം അടക്കമുള്ള മറ്റാവശ്യത്തിന് ഉപയോഗിക്കുന്നതിന് നിയമ ഭേദഗതി വരുത്താനായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. പട്ടയവ്യവസ്ഥ അനുസരിച്ച് ഇത്തരത്തില്‍ ലഭിച്ച ഭൂമി കൈമാറ്റംചെയ്യാന്‍ സാധ്യമല്ല. പട്ടയം ലഭിച്ചയാള്‍ നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഭൂമിയില്‍ കൃഷിയിറക്കാം.
വ്യവസ്ഥ ലംഘിച്ചാല്‍ സര്‍ക്കാറിന് ഭൂമിതിരിച്ചെടുക്കാനും വ്യവസ്ഥയുണ്ടായിരുന്നു. നിലവില്‍ പട്ടയം നല്‍കിയ കൃഷിഭൂമിയില്‍ വ്യാപകമായി കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതൊന്നും നിയമപരമായല്ല. ആ നിയമതടസ്സം പരിഹരിക്കുന്നതിന് പാറയുള്ള ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ഖനനം നടത്താന്‍ നിയമഭേദഗതി വരുത്തുന്നതിന് കരട് തയാറാക്കാനാണ് ലാന്‍ഡ് റവന്യൂ കമീഷണറേറ്റിനോട് യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
കൃഷിഭൂമിയെന്ന നിലയില്‍ പതിച്ചുനല്‍കിയതില്‍ പാറക്കുന്നുകളുമുണ്ടായിരുന്നു. പാറ ഖനനം ചെയ്തുമാറ്റിയാല്‍ അത് കൃഷിഭൂമിയാക്കാമെന്നായിരുന്നു വ്യാഖ്യാനം. ഇതിന് ലാന്‍ഡ് റനവ്യൂ കമീഷണര്‍ കാര്യാലയത്തില്‍നിന്ന് ഖനനത്തിനുള്ള ശിപാര്‍ശ 2016 ഫെബ്രുവരി 20ന് സര്‍ക്കാറിന് നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ഭേദഗതി നിയമസഭയില്‍ പാസാക്കിയെടുക്കാന്‍ സമയമുണ്ടായിരുന്നില്ല.
നിലവില്‍ ഭേദഗതി അതേപടി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഇടതുസര്‍ക്കാറിനെതിരെ വിമര്‍ശനമുയരുമെന്നതിനാല്‍ ഭേദഗതിയില്‍ 20 വര്‍ഷമെന്ന കുറുക്കുവഴിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.