‘പി.ജെ ആർമിക്ക്​ സംഭവിച്ചത്​ ഓർമ വേണം’; തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക്​ എം.വി. ഗോവിന്ദന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം: വിഭാഗീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മുന്നറിയിപ്പ്. കണ്ണൂരിൽ പി.ജെ ആർമിക്ക് എന്തു സംഭവിച്ചുവെന്ന് എല്ലാവർക്കും ഓർമ വേണമെന്ന് എം.വി. ഗോവിന്ദൻ നേതാക്കളെ ഉണർത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ ജില്ല സെക്രട്ടറിയുമായ ആനാവൂർ നാഗപ്പനെ വാഴ്ത്തി പാർട്ടിയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മകളിൽ പ്രചാരണം നടക്കുന്നുവെന്ന എതിർവിഭാഗത്തിന്‍റെ ആക്ഷേപത്തിന് മറുപടിയായാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെ, പി. ജയരാജന്‍റെ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടാക്കിയതാണ് പി.ജെ ആർമി. പി. ജയരാജനെ പ്രകീർത്തിച്ച് പോസ്റ്റുകളും വിഡിയോ ആൽബവുമൊക്കെ പി.ജെ ആർമിയുടെ പേരിൽ പ്രത്യക്ഷപ്പെട്ടു. ഇതിന്‍റെ പേരിൽ സ്വയം പുകഴ്ത്തി പാർട്ടിക്ക് അതീതമായി വളരുന്നുവെന്ന ആക്ഷേപത്തിനിരയായ പി. ജയരാജന് ജില്ല സെക്രട്ടറി സ്ഥാനം നഷ്ടമായി. അന്ന് പി.ജെ ആർമിയെ ഒരു പ്രശ്നമായി സംസ്ഥാന നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ച എം.വി. ഗോവിന്ദൻ തന്നെയാണ് തിരുവനന്തപുരത്തെ നേതാക്കൾക്ക് സ്വയം പുകഴ്ത്തൽ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

പുതിയ ജില്ല സെക്രട്ടറിയായി വി. ജോയ് വന്നതിന് പിന്നാലെ സമീപകാലത്ത് ജില്ലയിൽ പാർട്ടി നേതൃത്വത്തിനുനേരെ ഉയർന്ന ആക്ഷേപങ്ങളിൽ തെറ്റുതിരുത്തൽ നടപടികൾ ചർച്ചചെയ്യാനാണ് ജില്ല കമ്മിറ്റി ചേർന്നത്. ആനാവൂർ നാഗപ്പനെയും കടകംപള്ളി സുരേന്ദ്രനെയും അംഗീകരിക്കുന്നവർ തമ്മിൽ ചേരിതിരിഞ്ഞ് ആക്ഷേപമുയർത്തിയ യോഗത്തിൽ തിരുത്തൽ നടപടികൾ കൂടിയേ തീരൂ എന്ന നിർദേശമാണ് സംസ്ഥാന നേതൃത്വം നൽകിയത്. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ശ്രീമതി, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ തുടങ്ങിയവരും പങ്കെടുത്തു. അതേസമയം, ജില്ല നേതൃയോഗത്തിൽ ചേരിതിരിഞ്ഞ് നേതാക്കൾക്കെതിരെ ആക്ഷേപമുയർന്നുവെന്ന വാർത്ത ജില്ല നേതൃത്വം നിഷേധിച്ചു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കം ഉൾപ്പെടെ ആരോഗ്യകരമായ ചർച്ചകൾ കൊണ്ട് സമ്പന്നമായിരുന്നു ജില്ല നേതൃയോഗങ്ങളെന്നും സി.പി.എം വിശദീകരിച്ചു. 

Tags:    
News Summary - 'What happened to PJ Army should be remembered'; M.V. Govinda's warning to Thiruvananthapuram District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.