കോഴിക്കോട്: മലപ്പുറം പട്ടിക്കാട് നടന്ന പണ്ഡിത സമ്മേളനത്തിൽ താൻ പറഞ്ഞത് സംഘടനയുടെ തീരുമാനം മാത്രമാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അണികൾ പരസ്പരം വിമർശനങ്ങൾ ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ ബോർഡ് യോഗത്തിലും നേതൃയോഗത്തിലും എടുത്ത തീരുമാനം. എന്നാൽ, ഉലമ സമ്മേളനത്തിൽ പ്രസിഡന്റ് എന്നനിലയിൽ താൻ പറഞ്ഞത് വിമർശനമല്ല. ഹക്കീം ഫൈസിയുടെ വിഷയത്തിൽ സമസ്ത എടുത്ത തീരുമാനമാണ്. ഇതിൽ ആരും വ്യാകുലപ്പെടേണ്ട കാര്യമില്ലെന്നും ജിഫ്രി തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഹക്കീം ഫൈസിയുമായുള്ള വിഷയത്തിൽ സംഘടനയെടുത്ത തീരുമാനം മിനുട്സിൽ രേഖപ്പെടുത്തിയതും നിരവധി തവണ വ്യക്തമാക്കിയതുമാണ്. സി.ഐ.സി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ മധ്യസ്ഥതയിലാണ് ചർച്ച. ഇതിൽ സമസ്ത ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അത് അവർ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. വിഷയത്തിൽ അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുമ്പോൾ അത് വിശദീകരിക്കേണ്ടത് തന്റെ ബാധ്യതയാണ്. ഉലമ സമ്മേളനത്തിൽ ഓരോരുത്തരെയും ഏൽപിച്ച വിഷയങ്ങൾ സംസാരിച്ചാൽ മതിയെന്നും വിമർശനങ്ങൾ പാടില്ലെന്നുമാണ് തീരുമാനിച്ചിരുന്നത്. അണികൾ പരസ്പരം വിമർശനം ഉയർത്തി ഭിന്നിക്കരുതെന്നും നിർദേശിച്ചിരുന്നു. എന്നാൽ, പ്രസിഡന്റായി തുടരുവോളം കാലം സമസ്തയുടെ തീരുമാനം പറയേണ്ടത് താൻ തന്നെയാണ്. ചിലർക്ക് ഈ തീരുമാനം പറയുന്നത് ഇഷ്ടമുണ്ടാകില്ല. തീരുമാനമായില്ലെന്ന് പറയാനാണ് അവർക്ക് താൽപര്യം. ഈ പശ്ചാത്തലത്തിൽ സംഘടനയുടെ തീരുമാനം താൻ പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.