സംസ്ഥാനത്ത് പത്രിക സമർപ്പണം പൂർത്തിയാകാനിരിക്കെ, സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങളും വോട്ടർമാർക്കിടയിൽ ചർച്ചയാവുകയാണ്. 50 കോടിക്കു മുകളിൽ ആസ്തിയുള്ളവർ തൊട്ട് സ്വന്തമായി വീടും കിടപ്പാടവുമില്ലാത്തവർ വരെ സ്ഥാനാർഥകളുടെ കൂട്ടത്തിലുണ്ട്. ശശി തരുരിന്റെ ആസ്തി 50 കോടിക്ക് അടുത്ത് വരുമെന്നാണ് പത്രികയോടൊപ്പം സമർപ്പിച്ച വിശദീകരണത്തിലുള്ളത്.
ഏതാണ്ട് അത്രതന്നെ ആസ്തിയുണ്ട് കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കും. അതേസമയം, സ്വന്തമായി സ്വന്തമായി വീടില്ലാത്ത സ്ഥാനാർഥിയാണ് പത്തനം തിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്ക്.
ആകെയുള്ള വരുമാനം പെൻഷൻ തുക മാത്രമാണെന്നാണ് തിരുവനന്തപുരം എൽ.ഡി.എഫ് സ്ഥനാർഥി പന്ന്യൻ രവീന്ദ്രൻ കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ച ചില സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ:
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന്റെ കൈവശമുള്ളത് 36,000 രൂപ. അക്കൗണ്ടിലുള്ള പണം, 534 ഗ്രാം സ്വർണം എന്നീ ഇനത്തിലെ ആസ്തി 49.31 കോടിയാണ്. പാലക്കാട് ജില്ലയിലെ എലവഞ്ചേരിയിൽ 1.56 ലക്ഷം വിലവരുന്ന കൃഷിഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.20 കോടി വിപണി മൂല്യമുള്ള കാർഷികേതര ഭൂമിയുമുണ്ട്.
വഴുതക്കാട് ഭക്തിവിലാസം റോഡിലുള്ള 1954 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 45 ലക്ഷമാണ് വിപണി മൂല്യം. 7.68 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ വിലവരുന്ന രണ്ട് വാഹനങ്ങളുണ്ട്. അതേസമയം, 16 കോടിയുടെ വായ്പയും തരൂരിനുണ്ട്. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
എം.പി ശമ്പളം, യു.എൻ പെൻഷൻ, പുസ്തകങ്ങളും ലേഖനങ്ങളും എഴുതുന്ന വകയിലെ വരുമാനം, പ്രഭാഷണങ്ങൾ നടത്തുന്ന ഇനത്തിലെ പ്രതിഫലം എന്നിവയാണ് തരൂരിന്റെ വരുമാനം.
മന്ത്രിയും ആലത്തൂർ ലോക്സഭ സ്ഥാനാർഥിയുമായ കെ. രാധാകൃഷ്ണന് വിവിധ ബാങ്കുകളിലുള്ള നീക്കിയിരിപ്പ് 2,10,926 രൂപ. മാതാവ് ചിന്നക്ക് 11 ഗ്രാമിന്റെ സ്വർണമാലയും നാലു ഗ്രാമിന്റെ കമ്മലുമടക്കം 93,711 രൂപ സ്വത്തുണ്ട്. രാധാകൃഷ്ണന്റെ കൈവശമുള്ളത് 10,000 രൂപയും മാതാവിന്റെ കൈയിൽ 1000 രൂപയുമുണ്ട്. മലയാളം കമ്യൂണിക്കേഷൻസിൽ 10,000 രൂപ ഷെയറുമുണ്ടെന്ന് ആലത്തൂർ മണ്ഡലത്തിൽ നാമനിർദേശപത്രികക്കൊപ്പം കൊടുത്ത സത്യവാങ്മൂലത്തിൽ പറയുന്നു.
യു.ഡി.എഫ് മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് ആകെ 1,87,05,793 രൂപയുടെയും ഭാര്യയുടെ പേരിൽ 15,46,500 രൂപയുടെയും സ്വത്തുവകകളുണ്ടെന്ന് നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇ.ടിക്ക് മൂന്നു ബാങ്കുകളിലായി 43,25,313 രൂപ നിക്ഷേപമുണ്ട്.
37,12,600 രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ, മാരുതി സ്വിഫ്റ്റ് കാറുകൾ ഇ.ടിക്ക് സ്വന്തമായുണ്ട്. പൊന്നാനി ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനിക്ക് ആകെയുള്ളത് 1.41 കോടി രൂപയുടെ സ്വത്തുവകകൾ. രണ്ട് അക്കൗണ്ടുകളിലായി 61,353 രൂപ നിക്ഷേപമുണ്ട്
കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം രൂപ. ഭാര്യയുടെ കൈവശം പണമായി 74,901 രൂപയുമുണ്ട്. ലാൻഡ് റോവർ ഡഫൻഡറടക്കം എട്ട് വാഹനങ്ങൾ സ്വന്തമായുള്ള തുഷാറിന് 35 പവൻ സ്വർണവുമുണ്ട്. ഇവയടക്കം മൊത്തം 6,23,46,080 രൂപയാണ് നിക്ഷേപമൂല്യമെന്നും സ്വത്തു വിവര സത്യവാങ്മൂലത്തിൽ പറയുന്നു.
സ്വന്തം പേരിലുള്ള കെട്ടിടങ്ങൾക്കും ഭൂമിക്കും 41.98 കോടിയാണ് മൂല്യം. 10.98 കോടിയുടെ ബാധ്യതയുമുണ്ട്. മൂന്ന് കേസുകളിൽ പ്രതിയാണ്. ഇതിലൊന്ന് കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറിയായിരുന്നു കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ടതാണ്.
കാസർകോട് പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ ആകെ ആസ്തി 2,13,04,115 രൂപ. നാമനിര്‍ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് വിവരം. കൈവശവും ബാങ്കിലുമുള്ള പണം, വീട്, കൃഷി-കൃഷിയേതര ഭൂമി എന്നിവ ഉള്‍പ്പെടെയാണിത്. ഭാര്യയുടെ പേരില്‍ 6241872 രൂപയുടെ ആസ്തിയാണുള്ളത്.
അധ്യാപകൻ എന്ന നിലയിൽ ലഭിക്കുന്ന പെന്ഷന് ഇനത്തില്‍ 36498 രൂപയും മുന്‍ സഹകരണ ബാങ്ക് ജീവനക്കാരിയെന്ന നിലയില്‍ ഭാര്യക്ക് 17523 രൂപയും പ്രതിമാസം ലഭിക്കുന്നുണ്ട്. എം.വി. ബാലകൃഷ്ണന്റെ കൈവശം 5000 രൂപയും കനറാ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ സ്ഥിരനിക്ഷേപമായി മൂന്ന് ലക്ഷവും മറ്റൊരു അക്കൗണ്ടില്‍ 44265 രൂപയും എസ്.ബി.ഐ കയ്യൂര്‍ ശാഖയില്‍ 22339 രൂപയുമുണ്ട്.
കോട്ടയം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ കൈയിൽ പണമായുള്ളത് 40,000 രൂപ. ഭാര്യയുടെ കൈവശമുള്ളത് 30,000 രൂപ. ഇതിനൊപ്പം ഇരുവരുടെയും ജോയന്റ് അക്കൗണ്ടിൽ 27.80 ലക്ഷം രൂപയുമുണ്ട്. ചാഴികാടന് 50.30 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്.
സ്വർണത്തിന്റെ മൂല്യമടക്കമാണിത്. ഭാര്യയുടെ പേരിൽ 50.39 ലക്ഷം വിവിധ ബാങ്ക് അക്കൗണ്ടുകളിലുണ്ട്. ഇതിനുപുറമേ ചാഴികാടന് ആറുലക്ഷം രൂപ വീതം മൂല്യമുള്ള രണ്ട് കാറുകളും 24 ഗ്രാം സ്വർണവുമുണ്ട്. ഭാര്യക്ക് 476 ഗ്രാം സ്വർണമുണ്ട്.
പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ കൈയിലുള്ള പണം 25,000 രൂപയും ഭാര്യ കെ.എ. തുളസിയുടെ കൈവശം 45,000 രൂപയും. കലക്ടറേറ്റിൽ നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
4.44 ലക്ഷമാണ് ആദായനികുതി റിട്ടേണിൽ വാർഷിക വരുമാനമായി കാണിച്ചത്. ശ്രീകണ്ഠന്റെ മൊത്തം സ്വത്തുമൂല്യം 22.2 ലക്ഷവും ഭാര്യ തുളസിയുടേത് 30.76 ലക്ഷവുമാണ്. ജംഗമ ആസ്തിയായി ശ്രീകണ്ഠന് 22.2 ലക്ഷവും സ്ഥാവര ആസ്തിയായി 56 ലക്ഷവുമുണ്ട്.
കാസർകോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് 70,66,674 രൂപയുടെ ആസ്തി. ഭാര്യക്ക് 2,53,65,461 രൂപയുടെ സ്വത്തുണ്ട്. ഉണ്ണിത്താന് 3,59,658 രൂപയും ഭാര്യക്ക് 3,19,171 രൂപയും ബാധ്യതയുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം വെളിപ്പെടുത്തിയത്.
ഉണ്ണിത്താന്റെ കൈവശം 20000 രൂപയും എസ്.ബി.ഐ പാര്‍ലമെന്റ് ശാഖയില്‍ 14,97,827 രൂപയും കാനറ ബാങ്ക് പൂജപ്പുര ശാഖയില്‍ 1,74,169 രൂപയും മറ്റൊരു അക്കൗണ്ടില്‍ ഒരു ലക്ഷവും ഫെഡറല്‍ ബാങ്ക് പോലായത്തോട് ശാഖയില്‍ 20,720 രൂപയുമുണ്ട്.
മ്യൂച്വല്‍ഫണ്ട്, പെന്ഷന് പോളിസി, എല്‍.ഐ.സി പോളിസി എന്നിവയില്‍ 16,35,576 രൂപയുമുണ്ട്. 19,58,382 രൂപ മൂല്യമുള്ള കാറുമുണ്ട്. 5.50 ലക്ഷം മൂല്യമുള്ള കാര്‍ഷിക ഭൂമിയും 11.30 ലക്ഷം മൂല്യമുള്ള കാര്‍ഷികേതര ഭൂമിയും ഉണ്ണിത്താനുണ്ട്. ബാങ്ക് വായ്പയിനത്തിലാണ് 3,59,658 രൂപ ബാധ്യത.
ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി വി. ജോയിയുടെ കൈവശമുള്ളത് 5500 രൂപ. ഭാര്യയുടെ കൈവശം 6000 രൂപയും. 40,000 രൂപ വില വരുന്ന എട്ട് ഗ്രാം സ്വർണം ജോയിയുടെ കൈവശമുണ്ട്. ഭാര്യയുടെ കൈവശം ആറു ലക്ഷം വില വരുന്ന 120 ഗ്രാം സ്വർണവും. മലയാളം കമ്യൂണിക്കേഷൻസിൽ 10,000 രൂപയുടെ ഓഹരി ജോയിക്കുണ്ട്. സ്വർണവും നിക്ഷേപവും പണവുമടക്കമുള്ള ആസ്തി 24.37 ലക്ഷം. ഭാര്യയുടെ കൈവശം 36.17 ലക്ഷവും.
മാവേലിക്കര എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാറിന്റെ പക്കൽ പണമായുള്ളത് 250 രൂപ മാത്രം. ഭാര്യ എ.വി. ജയശ്രീയുടെ കൈവശം 150 രൂപയും. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകൾ. കഴിഞ്ഞ സാമ്പത്തികവർഷം അരുൺകുമാറിന് 14,84,710 രൂപയുടെ വരുമാനമുണ്ട്. കായംകുളം സഹകരണ ബാങ്കിൽ നിക്ഷേപം 4357 രൂപ. ഭാര്യക്ക് നിക്ഷേപം 540 രൂപ. എസ്.ബി.ഐ കായംകുളം ശാഖയില്‍ നിക്ഷേപം 5423 രൂപ. ഭാര്യയുടെ അക്കൗണ്ടില്‍ എട്ട് രൂപ.
പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് 40 ലക്ഷം രൂപയുടെ ആസ്തി. 26,08,211.27 രൂപയാണ് നിക്ഷേപം. ഇതര ആസ്തികള്‍ 14,20,135 രൂപയുടേതുമാണെന്ന് നാമനിര്‍ദേശ പത്രികയിൽ വ്യക്തമാക്കി. 54.78 ലക്ഷം രൂപയുടെ വായ്പയും ആന്റോക്കുണ്ട്.
ഭാര്യയുടെ പേരില്‍ 7,70,330.28 രൂപയുടെ ആസ്തിയുണ്ട്. രണ്ട് മക്കളില്‍ ഒരാളുടെ പേരില്‍ 81,194.67 രൂപയും മറ്റൊരാളുടെ പേരിൽ 21,247.06 രൂപയും നിക്ഷേപമായുണ്ട്. ആന്റോ ആന്റണിയുടെ കൈവശം 50,000 രൂപയുണ്ട്. ഭാര്യയുടെയും രണ്ടു മക്കളുടെയും കൈവശം 40,000 രൂപയുമുണ്ട്. 2016, 2019 മോഡലുകളിലുള്ള രണ്ട് ഇന്നോവ വാഹനങ്ങളുമുണ്ട്.
പത്തനംതിട്ട എൻ.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് വിദേശ ബാങ്കുകളിലടക്കം 1,00,14,577.75 രൂപയുടെ നിക്ഷേപമുള്ളതായി സത്യവാങ്മൂലം. വിദേശത്ത് രണ്ട് ബാങ്ക് അക്കൗണ്ടും ഡൽഹിയിലും കേരളത്തിലുമായി ഏഴ് അക്കൗണ്ടുമാണുള്ളത്. 50,000 രൂപയാണ് കൈവശമുള്ളത്. യു.എസിലെ ധനകാര്യസ്ഥാപനങ്ങളിൽ 5.38 ലക്ഷം, 56,610 രൂപ വീതം നിക്ഷേപമുണ്ട്. ഇതര ആസ്തികളോ വായ്പകളോ കുടിശ്ശികകളോ ഇല്ല.
പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസക്ക് 2,60,32,019 രൂപയുടെ സ്വത്തെന്ന് വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പണമായും ബാങ്ക് അക്കൗണ്ടുകളിലും മ്യൂച്ചൽ ഫണ്ടിലുമായി 32,82,019 രൂപയും വീടും സ്വത്തുക്കളുമടക്കം 2,27,50,000 രൂപയുമാണ് ഉള്ളത്.
ഭാര്യക്ക് അക്കൗണ്ടിലും സ്വർണത്തിലുമടക്കം 35,56,033 രൂപയുമുണ്ട്. ഹംസക്ക് പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വീട് വായ്പ, വ്യക്തിഗത വായ്പ ഇനത്തിൽ 90,46,232 രൂപയുടെ കടബാധ്യതയാണുള്ളത്. ഭാര്യക്ക് കേരള ബാങ്കിലെ വ്യക്തിഗത വായ്പ ഇനത്തിൽ 45,46,661 രൂപയുടെ ബാധ്യതയുമുണ്ട്.
ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പക്കൽ പണമായുള്ളത് 10,000 രൂപ. ഭർത്താവ് സുരേന്ദ്രന്റെ പക്കൽ 15,000 രൂപയും മക്കളായ ഹരിലാൽ കൃഷ്ണയുടെ പക്കൽ 15,000 രൂപയും യദുലാൽ കൃഷ്ണയുടെ പക്കൽ 5,000 രൂപയുമുണ്ട്. ബാങ്ക് നിക്ഷേപമായി ശോഭക്ക് 43,300 രൂപയും ഭർത്താവിന് 15,000 രൂപയുമുണ്ട്. മക്കളിൽ ഒരാൾക്ക് 50,000 രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്.
ശോഭയുടെ പേരിൽ അദാനി എന്റർപ്രൈസസിന്റെ 6,07,800 രൂപ വിലമതിക്കുന്ന 200 ഓഹരികളുണ്ട്. 20 ലക്ഷം രൂപക്ക് വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറും ഭർത്താവിന് നാലുലക്ഷത്തിന് വാങ്ങിയ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്. മക്കളിൽ ഒരാൾക്ക് 60,000 രൂപക്ക് വാങ്ങിയ ബൈക്കുമുണ്ട്. നാലുലക്ഷം രൂപ വിലമതിക്കുന്ന 64 ഗ്രാം സ്വർണം സ്ഥാനാർഥിക്കും 1,10,000 രൂപ വിലമതിക്കുന്ന 20 ഗ്രാം സ്വർണം ഭർത്താവിനുമുണ്ട്.
ശോഭക്കും ഭർത്താവിനുമായി 13.79 സെന്റ് കൃഷിഭൂമിയും 57 സെന്റ് കൃഷി ഇതര ഭൂമിയുമുണ്ട്. ഇതിന് 34,25,000 രൂപ മതിപ്പ് വിലവരും. 800 ചതുരശ്രയടി വിസ്തീർണമുള്ള വീടുണ്ട്. രണ്ട് ബാങ്കുകളിലായി 26,33,097 രൂപയുടെ കടബാധ്യതയുണ്ട്. സ്ഥാനാർഥിക്ക് 5,17,530 രൂപയുടെ വരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.