കോഴിക്കോട്: രാജ്യത്ത് സാമുദായിക, വർഗീയ ധ്രുവീകരണം ശക്തിയാർജിക്കുമ്പോൾ ‘മാധ്യമ’ത്തിന്‍റെ പ്രസക്തി വർധിക്കുകയാണെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ. ‘മാധ്യമ’ത്തിൽനിന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ‘വി ഹഗ്ഗ്സ്’ ആദരവ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിന്‍റെ ഏക സിവിൽകോഡ്, പൗരത്വ ഭേദഗതി ബിൽ, മുത്തലാഖ് എന്നിവ വർഗീയധ്രുവീകരണത്തിനുള്ള ആയുധങ്ങൾ മാത്രമാണ്.
ഇത്തരം വർഗീയ അജണ്ടകളെ ചെറുത്തുതോൽപിച്ച് ശരിയായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന കർത്തവ്യം മൂന്നര പതിറ്റാണ്ടിലേറെയായി ‘മാധ്യമം’ വളരെ ഭംഗിയായി നിർവഹിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും.
മാധ്യമം മുന്നോട്ടുവെക്കുന്ന ആശയത്തെ ജനം അംഗീകരിച്ചതിന്‍റെ ദൃഷ്ടാന്തമാണ് പത്രത്തിന്‍റെ വളർച്ച. മീഡിയവണിന് നിരോധനം ഏർപ്പെടുത്താൻ ഐ.ബി കോടതിയിൽ ചൂണ്ടിക്കാണിച്ച കാരണങ്ങളിൽ ഒന്ന് മീഡിയവണിന്‍റെ മാതൃസ്ഥാപനമായ ‘മാധ്യമം’ മുസ്‍ലിം സമുദായത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്നും ദേശീയതലത്തിൽ മുസ്‍ലിംകൾ നേരിടുന്ന വിവേചനം ഉയർത്തിക്കാട്ടുന്നു എന്നുമായിരുന്നു. ഈ ഐ.ബി റിപ്പോർട്ട് മാധ്യമത്തിനുള്ള തിലകക്കുറിയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും യഥാർഥ വസ്തുതകൾ എത്തിക്കുന്നതിന് മാധ്യമവും മീഡിയവണും ശ്രമം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീൻ വിഷയത്തിൽ യാഥാർഥ‍്യം മറച്ചുവെച്ച് ഇസ്രായേൽ വക്താക്കളെപ്പോലെയാണ് ഭൂരിഭാഗം ദേശീയ പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽനിന്നു വ്യത്യസ്തമായി മാധ്യമവും മീഡിയവണും നടത്തുന്ന ശ്രമങ്ങളാണ് ഈ വിഷയത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളിലും ഫലസ്തീൻ അനുകൂല നിലപാട് രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ ജനാധിപത്യ വിശ്വാസികൾക്ക് ആശാവഹമല്ലെന്നും ഈ സാഹചര്യത്തിൽ രാജ്യത്തെ സ്നേഹിക്കുന്ന മാധ്യമങ്ങളുടെ ഉത്തരവാദിത്തം കൂടുകയാണെന്നും പരിപാടി ഉദ്ഘാടനംചെയ്ത ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് ചെയർമാൻ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
വെറുപ്പ് ഉൽപാദിപ്പിക്കുന്നതിൽ ഭരണകർത്താക്കൾവരെ പങ്കാളികളാകുന്ന കാലത്ത് മാധ്യമം പോലുള്ള സ്ഥാപനങ്ങൾക്കു കൂടുതൽ ഉത്തരവാദിത്തം നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള എഡിറ്റോറിയലുകൾക്കാണ് മാധ്യമത്തിന് അവാർഡ് ലഭിച്ചതെന്നും അന്ധവിശ്വാസം ഉൾപ്പെടെയുള്ള എല്ലാ ചൂഷണങ്ങൾക്കെതിരെയും നിലകൊള്ളുക എന്നത് കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലത്തെ മാധ്യമത്തിന്‍റെ നിലപാടാണെന്നും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
ഇലന്തൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അതിന് തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിൽ ബഹുമതികൾ കരസ്ഥമാക്കുകയും മികവ് തെളിയിക്കുകയും ചെയ്ത ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹീം, കെ. നൗഫൽ, കെ. മുഹമ്മദ് സുൽഹഫ്, ടി.എം. മുഹമ്മദ് സാലിഹ്, കെ.എസ്. ഷംനാസ്, പി. സുബൈർ, വി.എം. അഷ്റഫ്, എം.സി. നിഹ്മത്ത്, അനിരു അശോകൻ, ദീപു സുധാകരൻ, അനുശ്രീ, എം.വൈ. മുഹമ്മദ് റാഫി, പി.കെ. സവാദ് റഹ്മാൻ, വിനീത് എസ്. പിള്ള, എം. മുഹമ്മദ് സുഹൈബ്, എ. ഹാരിസ്, എൻ.എസ്. നിസാർ, കെ. ഹുബൈബ്, ബൈജു കൊടുവള്ളി, കെ.പി. മൻസൂർ അലി, എസ്. അനിത, എം. ഷിബു, ആർ.കെ. ബിജുരാജ്, എൻ.ടി. പ്രമോദ്, സി.പി. ബിനീഷ്, കെ. മുഹമ്മദ് ഷബിൻ, വി.ആർ. രാകേഷ്, ആനന്ദൻ നെല്ലിക്കോട്ട്, ടി.സി. അബ്ദുൽ റഷീദ്, ജെ.എസ്. സാജുദ്ദീൻ, എ. അബ്ദുൽ ബാസിത്, എം.എ. നൗഷാദ്, ടി. അബ്ദുല്ല, ടി.എ. അൻവർ ഹസ്സൻ, എൻ. മെഹർ മൻസൂർ, സി. അബ്ദുൽ ലത്തീഫ്, സി.കെ. നജീബ്, ബി.എസ്. നിസാമുദ്ദീൻ, ടി. ഇസ്മയിൽ, കെ. മുഹമ്മദ് ഹാരിസ് എന്നിവർ ആദരവ് ഏറ്റുവാങ്ങി.
സി.ഇ.ഒ പി.എം. സ്വാലിഹ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഐ.പി.ടി വൈസ് ചെയർമാൻ എം.കെ. മുഹമ്മദലി, സെക്രട്ടറി ടി.കെ. ഫാറൂഖ് എന്നിവർ സംസാരിച്ചു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ്, ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, വി.എ. കബീർ, ഡി.ജി.എം (എച്ച്.ആർ) ഹാരിസ് വള്ളിൽ, ഡി.ജി.എം (സർക്കുലേഷൻ) വി.സി. മുഹമ്മദ് സലീം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.