കൊല്ലം: മഴയിൽ ചളിക്കുണ്ടും വെയിലിൽ പൊടിപടലങ്ങളാലും ബുദ്ധിമുട്ടാകുകയാണ് നഗരം. ദേശീയപാത 66 ആറുവരിയാക്കി നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ വികസന പദ്ധതികൾ മുന്നോട്ടു നീങ്ങുമ്പോഴും ചവറ-ശങ്കരമംഗലം റോഡിൽ പ്രവർത്തിയുടെ ബോർഡല്ലാതെ മറ്റൊന്നും സ്ഥാപിച്ചിട്ടില്ല. ചവറ ടൈറ്റാനിയം ഫാക്ടറിക്ക് മുന്നിലെ ഒരു വശത്തേക്കുള്ള അടിപ്പാതയുടെ നിർമാണമാണ് പൂർത്തിയായിട്ടുള്ളത്.
സർവിസ് റോഡാകട്ടെ എങ്ങുമെത്തിയിട്ടില്ല. ഫാക്ടറി റോഡ് ചളിക്കുണ്ടായി. ഇടപ്പള്ളിക്കോട്ടയിലാകട്ടെ അടിപ്പാതയില്ലാത്തതിനാൽ പ്രദേശവാസികൾ ആക്ഷൻകൗൺസിൽ രൂപവത്കരിച്ച് സമരപ്പന്തൽ കെട്ടിയിട്ടും തുടർ നടപടിയുണ്ടായിട്ടില്ല. എന്നാൽ, ഒരുവശത്തേക്ക് മാത്രം റോഡ് പോകുന്ന വെറ്റമുക്കിൽ അടിപ്പാത ഉണ്ടെന്നുള്ളതാണ് പ്രദേശവാസികളെയും അദ്ഭുതപ്പെടുത്തുന്നത്.
പോരൂക്കര ജുമാമസ്ജിദിന് മുൻവശം പ്രവൃത്തിയുടെ ബോർഡ് സ്ഥാപിച്ചെങ്കിലും ഓടയുടെ നിർമാണം മാത്രമേ മടന്നിട്ടുള്ളു. കൂറ്റിവട്ടത്തെ റോഡിന്റെ ഒരുവശത്ത് പ്രവൃത്തി മന്ദഗതിയിൽ നടക്കുന്നുണ്ട്. കന്നേറ്റി പാലത്തിന്റെ നിർമാണവും എങ്ങുമെത്തിയിട്ടില്ല. ഒരുവശത്തേക്കുള്ള പാലത്തിന്റെ പില്ലറുകളുടെ നിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
പാലത്തിലേക്കുള്ള നിലവിലെ റോഡിന്റെ വശങ്ങളിൽ ഗർഡറുകൾ നിരത്തിവെച്ചിരിക്കുന്നതിനാൽ യാത്രക്കാരും പ്രദേശവാസികളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.
ദേശീയപാതയിലെ പ്രധാന ജങ്ഷനാണ് കരുനാഗപ്പള്ളി. എന്നാൽ, ഇവിടെ ഓടനിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കരുനാഗപ്പള്ളി ജങ്ഷനിലൂടെ ഫ്ലൈ ഓവറിലാണ് ദേശീയപാത കടന്നുപോകുന്നത്.
ഫ്ലൈ ഓവറിന്റെ പില്ലറുകളുടെ നിർമാണത്തിനായി കമ്പികെട്ടിവെച്ചിട്ടുണ്ടെങ്കിലും അവയിൽ വള്ളിപ്പടർപ്പുകളും കാടുംമൂടിയ നിലയിലാണ്. പൈലിങ്ങിന്റെ നിർമാണം കരുനാഗപ്പള്ളി ടൗണിൽ ചിലയിടങ്ങളിൽ മാത്രമാണ് പുരോഗമിക്കുന്നത്. നിര്‍മാണ പ്രദേശങ്ങളില്‍ വേണ്ടത്ര ലൈറ്റുകള്‍ ഇല്ലാത്തതും ട്രാഫിക് മാനേജ്മെന്റിന്റെ അപര്യാപ്തതയും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
പുതിയകാവ് ജങ്ഷനിൽ ഓരുവശത്തേക്കുള്ള അടിപ്പാതയുടെ നിർമാണം മാത്രമാണ് പൂർത്തിയായത്. കെ.എസ് പുരത്ത് ഒരുവശത്ത് റോഡിന്റെ നിർമാണം പൂർത്തിയായി. വവ്വാക്കാവിൽ ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കി ഡിവൈഡർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
ഓച്ചിറ റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതയിൽ അടിപ്പാതയുടെ നിർമാണം പൂർത്തിയാക്കി. ദേശീയപാതയിൽ ആദ്യഘട്ടത്തിൽ വേഗത്തിൽ നിർമാണം നടന്നിരുന്നതും ഓച്ചിറ മേഖലയിലാണ്.
കൊല്ലം കഴിഞ്ഞാൽ ജില്ലയിൽതന്നെ തിരക്കേറിയ ജങ്ഷനാണ് കരുനാഗപ്പള്ളി. വികസനഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ ഓപൺ പില്ലർ ഫ്ളൈഓവറിന്റെ പ്രവൃത്തിയാണ് നടക്കുന്നത്. എന്നാൽ, ഇവിടങ്ങളിലെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത് കച്ചവടക്കാരെയും പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെയാണ് ബാധിച്ചിരിക്കുന്നത്.
ജങ്ഷനിലെ പല വ്യാപാരസ്ഥാപങ്ങളിലേക്കും ആളുകൾ എത്തിപ്പെടുന്നത് ബുന്ധിമുട്ടിയാണ്. പല ചെറു വ്യാപാരസ്ഥാപനങ്ങളും പൂട്ടിപോയ അവസ്ഥയിലാണ്. ചെറിയ റസ്റ്റാറന്റുകൾ ഉൾപ്പെടെ ചെറുകിട കച്ചവടക്കാരും കടകൾ പൂട്ടിയിട്ടി. നിർമാണ പ്രവർത്തനങ്ങളുടെ ദുരിതം കാരണം കടകളിലേക്ക് ആരുംതന്നെ കയറാത്തതാണ് പ്രധാനകാരണം.
ദേശീയപാത വികസനത്തിനായി നഗരത്തിൽ ഇരുവശവും കെട്ടിമറച്ചുള്ള ഫ്ളൈ ഓവറാണ് ആദ്യം അനുവദിച്ചിരുന്നത്. ഇതിൽ പ്രതിഷേധം വ്യാപകമായിരുന്നു. വ്യാപാരികളും നാട്ടുകാരും മറ്റും ചേർന്ന് സേവ് കരുനാഗപ്പള്ളി ഫോറം രൂപവത്കരിച്ച് പ്രതിഷേധവും ശക്തമാക്കിയിരുന്നു.
ഇരുവശവും കെട്ടിമറച്ചുള്ള ഫ്ളൈ ഓവർ നഗരത്തിന്റെ വികസനത്തെ ബാധിക്കുമെന്നതായിരുന്നു പ്രധാനപ്രശ്നം. പാർലമെൻറിലും നിയമസഭയിലും പ്രശ്നം ഉന്നയിക്കപ്പെട്ടു. ഒടുവിലാണ് മേൽപ്പാലം അനുവദിച്ചത്.
അവസാനിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.