ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തത് എന്തുകൊണ്ട്? സി.പി.എം മറുപടി പറയണമെന്ന് ചെന്നിത്തല

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സി.പി.എം പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല. സി.പി.ഐ ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ പങ്കെടുക്കുന്നുണ്ട്. ഫാഷിസത്തിനെതിരെയാണ് ജോഡോ യാത്ര. ഇതിൽ പങ്കെടുക്കാത്തതിലൂടെ സി.പി.എമ്മിന്‍റെ ഇടുങ്ങിയ മനസാണ് വ്യക്തമാകുന്നതെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടെന്ന സി.പി.എം തീരുമാനം ചരിത്രത്തിലെ രണ്ടാമത്തെ ഹിമാലയൻ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല ഇന്നലെ ചവറയിൽ ബേബി ജോൺ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.

മറ്റ് ഇടത് പാർട്ടികൾക്ക് ഭാരത് ജോഡോ സമാപന യോഗത്തിൽ പങ്കെടുക്കാമെങ്കിൽ സി.പി.എം മാറിനിൽക്കുന്നതിന്റെ കാരണം കേരള ഘടകം വ്യക്തമാക്കണം. മുപ്പത് ശതമാനം വോട്ടുള്ള ബി.ജെ.പിയെ പരാജയപ്പെടുത്താൻ എഴുപത് ശതമാനം വോട്ട് വാങ്ങുന്ന പ്രതിപക്ഷ പാർട്ടികളുടെ യോജിപ്പിനെ മുഖ്യമന്ത്രി എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മലയാളികൾക്കറിയാം. തെലുങ്കാനയിൽ കോൺഗ്രസ് പ്രതിപക്ഷ മുന്നണിക്കെതിരെ മൂന്നാം മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്.

മോദി - അമിത്ഷാ കൂട്ടുകെട്ടിൽ പിണറായി വിജയനുമുണ്ട്. ബി.ജെ.പിയുടെ നാല് ശതമാനം വോട്ട് വാങ്ങി പിണറായി വിജയൻ തുടർഭരണം നേടിയത് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ഡീലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Why CPM not participate in Bharat Jodo Yatra? Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.