ഹൃദയം എത്തിക്കാൻ എന്തുകൊണ്ട് എയര്‍ ആംബുലന്‍സോ വിമാനമോ ഉപയോഗിച്ചില്ല? ആരോഗ്യ മന്ത്രിയുടെ മറുപടി

കോഴിക്കോട്: എറണാകുളത്തെ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം റോഡ് മാർഗം ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത് ഇന്ന് വൈകീട്ട് 7.15നാണ്. വൈകീട്ട് 4.10ന് എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോട് മെട്രോ ഇന്‍റർനാഷണല്‍ ആശുപത്രിയിൽ സുരക്ഷിതമായെത്തിക്കുകയായിരുന്നു. മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമാണ് എടുത്തത്.

ആംബുലൻസിന് വഴിയൊരുക്കാൻ ആരോഗ്യമന്ത്രിയുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ അഭ്യർഥിച്ചിരുന്നു. പൊലീസും നാട്ടുകാരുമെല്ലാം സഹകരിച്ചതോടെ വൈകുന്നേരത്തിന്‍റെ തിരക്കിനിടയിലും ഹൃദയം സുരക്ഷിതമായെത്തിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചുകൂടായെന്നത്. റോഡ് വഴി സാഹസികമായി എത്തിക്കുന്നതിന് പകരം വിമാനമാർഗം എത്തിച്ചുകൂടേയെന്നും ചോദ്യമുണ്ട്. ഇതിന് മറുപടി നൽകിയിരിക്കുകയാണ് മന്ത്രി വീണാ ജോർജ്.

'നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ നാല് മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്‍റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന മൂന്ന് മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു' -മന്ത്രി വ്യക്തമാക്കി. 

മന്ത്രി വീണ ജോർജിന്‍റെ ഫേസ്ബുക് കുറിപ്പ് വായിക്കാം...

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.

Tags:    
News Summary - Why not use an air ambulance to transfer heart? Reply by the Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.