ന്യൂഡല്‍ഹി: കേരളത്തെ കുറിച്ച് പ്രധാനമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫും ഏറ്റുമുട്ടുന്ന കേരളത്തില്‍ ബി.ജെ.പിയുടെ ഫാഷിസ്റ്റ് വര്‍ഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ല. നിരവധി ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറയേണ്ടി വരുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഏത് ഓഫീസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്ര ഏജന്‍സികള്‍ എല്ലാ അന്വേഷണവും അവസാനിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? ഇന്ത്യയിലെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവര്‍ത്തകരുടെയും ഓഫീസുകള്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തില്‍ സി.പി.എമ്മുമായി സംഘ്പരിവാര്‍ സന്ധി ചെയ്തത് എന്തുകൊണ്ടാണ്? -വി.ഡി. സതീശൻ ചോദിച്ചു.
സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്? അന്ന് നടപടി എടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയേനെ. സി.പി.എം തോറ്റാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ബി.ജെ.പിക്ക് അറിയാം. ഈ യാഥാര്‍ഥ്യം മനസിലാക്കിയാണ് സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയില്‍ എത്തിയത്. പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് പ്രധാനമന്ത്രിയും പ്രസംഗം.
കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സര്‍ക്കാര്‍ സഹായിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികളും സംരക്ഷിച്ചു. മുപ്പത്തി ഏട്ടാമത്തെ തവണയാണ് ലാവ്ലിന്‍ കേസ് മാറ്റിവെക്കുന്നത്. സി.ബി.ഐ അഭിഭാഷകന്‍ ഹാജരാകുന്നില്ല. സി.പി.എമ്മും സംഘ്പരിവാര്‍ ശക്തികളും തമ്മിലുള്ള ധാരണ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തരുതെന്നതാണ് ഇവരുടെ പൊതുലക്ഷ്യം. പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തിലും ഇത് വ്യക്തമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കരുവന്നൂരിലെ ഇ.ഡി അന്വേഷണത്തിന്‍റെ വേഗം എത്രയാണെന്ന് എല്ലാവരും കണ്ടതാണ്. അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. തൃശൂരില്‍ ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചന സി.പി.എമ്മും സംഘ്പരിവാറും നടത്തുകയാണ്. ഇതിനെയൊക്കെ നേരിട്ട് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ട്. അതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ വെറുക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. തൃശൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും ഇത്തവണ ബി.ജെ.പിക്ക് കിട്ടില്ല.
ബി.ജെ.പിയുടെ വര്‍ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ല. പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനാകില്ല. ഇപ്പോള്‍ ക്രൈസ്തവരുടെ വീടുകള്‍ കയറി ഇറങ്ങുകയാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട വര്‍ഷങ്ങളാണ് കടന്നു പോയത്. എഴുനൂറോളം ആക്രമണങ്ങളാണ് 2023ല്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായത്. 250ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങളാണ് മണിപ്പൂരില്‍ കത്തിച്ചു കളഞ്ഞത്. അവിടെ നോക്കുകുത്തിയായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. വൈദികരും പാസ്റ്റര്‍മാരും ആക്രമിക്കപ്പെടുകയും ക്രിസ്മസ് ആഘോഷങ്ങള്‍ പാടില്ലെന്നാണ് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടത്. ക്രൈസ്തവ വിരുദ്ധമായ ഈ നിലപാടുകളെല്ലാം മറച്ചുവച്ചാണ് സംഘ്പരിവാറുകാര്‍ കേരളത്തിലെ ക്രൈസ്തവരുടെ വീട്ടില്‍ കേക്കുമായി പോകുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെയാണ് കേരളത്തിലെ സംഘ്പരിവാറുകാര്‍ പെരുമാറുന്നതെന്നത് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കും ഉണ്ട്. അവര്‍ സംഘ്പരിവാറുകാരെ ആട്ടിയോടിക്കും.
സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഗുസ്തി താരങ്ങളുടെ വിഷയത്തിലും അവര്‍ അതേ നിലപാടാണ് സ്വീകരിച്ചത്. ഗുസ്ത താരങ്ങള്‍ക്ക് കണ്ണീരോടെ മെഡലുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. എം.പിയെയും രാഷ്ട്രീയമായി കൂടെ നില്‍ക്കുന്നവരെയും സംരക്ഷിക്കാന്‍ സ്ത്രീവിരുദ്ധ നിലപാടാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സ്വീകരിച്ചത്. മണിപ്പൂരിലെ സ്ത്രീകള്‍ക്കു വേണ്ടി അവര്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്? സ്ത്രീകള്‍ക്ക് തുല്യ പ്രധാന്യം ലഭിക്കുന്ന പുതിയ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരല്ല ബി.ജെ.പി. വരേണ്യ വിഭാഗങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതാണ് അവരുടെ രീതി. ബി.ജെ.പിയുടെ ഈ ആശങ്ങളൊന്നും പുരോഗമന നിലപാടുള്ള കേരളം ഒരുതരത്തിലും സ്വീകരിക്കില്ല.
സാമൂഹിക സുരക്ഷ പെന്‍ഷന്‍ കിട്ടുന്നില്ലെന്നതാണ് വധ്യവയോധികയായ മറിയക്കുട്ടിയുടെ പ്രശ്‌നം. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. പെന്‍ഷന്‍ കിട്ടാതെ മരുന്ന് വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുടെ പ്രതീകമാണ് മറിയക്കുട്ടി. പെന്‍ഷന്‍ മുടങ്ങിയെന്ന വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് വിളിച്ചാലും ബി.ജെ.പി വിളിച്ചാലും അവര്‍ പോകും. സി.പി.എം കേരളത്തില്‍ മാത്രമെയുള്ളൂ. ദേശീയ തലത്തില്‍ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ സി.പി.എം യു.ഡി.എഫുമായി ഏറ്റുമുട്ടുന്ന വ്യത്യസ്ത രാഷ്ട്രീയമാണ്. എന്നിട്ടും ബി.ജെ.പിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഇൻഡ്യ മുന്നണിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് നിലപാട് എടുത്തത് മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.