തിരുവനന്തപുരം: 'ബുള്ളി ബായ്' ആപ് വിഷയത്തിൽ മുസ്ലിം സ്ത്രീകൾ നേരിടുന്ന ദുരിതങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റും ഷെയറും ചെയ്തവർക്കെതിരെ കേസെടുത്തും താക്കീത് നൽകിയും കേരള പൊലീസ്. കെ- റെയിൽ വിഷയത്തിൽ സമരം ചെയ്തവർക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുന്ന പൊലീസിന്റെ സമാന സ്വഭാവമാണ് ഈ വിഷയത്തിലുമെന്ന് ആക്ഷേപമുയർന്നു.
കലാപത്തിന് ആഹ്വാനം ചെയ്യുക, മതസ്പർധ വളർത്തുക തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസെടുക്കുന്നത്. കഴിഞ്ഞമാസം അവസാനം ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ പ്രചരിച്ചിരുന്നു.
ഇത്തരം പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 90 ലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. 33 പേരെ അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് കണക്ക്.
ഇക്കൂട്ടത്തിലാണ് പോസ്റ്റുകൾ ഷെയർ ചെയ്തവരെയും പെടുത്തിയത്. പലരെയും വീടുകളിലെത്തി താക്കീത് ചെയ്യുന്നുണ്ട്. ചില വനിതകൾ ഇട്ട പോസ്റ്റുകൾ ഷെയർ ചെയ്തവർക്കെതിരെയും കേസെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ സംഘ്പരിവാർ സർക്കാറുകൾ കൈക്കൊള്ളുന്നതിന് സമാന നടപടിയാണിത്.
കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് -31. 20 പേരെ അറസ്റ്റ് ചെയ്തു. എറണാകുളം-15, കൊല്ലം-ഏഴ്, മലപ്പുറം-എട്ട് എന്നിങ്ങനെയാണ് കേസുകൾ. വെൽഫെയർ പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിനും കേസെടുത്തിട്ടുണ്ട്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഫോൺ പിടിച്ചുവാങ്ങിയ സംഭവങ്ങളുമുണ്ട്. ആഴ്ചകളായി പലരുടെയും ഫോൺ പൊലീസ് കസ്റ്റഡിയിലാണ്.
ഇടുക്കിയിൽ കട്ടപ്പന സ്വദേശി അറസ്റ്റിലായി. ജാമ്യം നിരസിക്കപ്പെട്ട ഇയാൾ റിമാൻഡിലാണ്.വടകരയിൽ രണ്ടു പേരെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂരിൽ ശ്രീകണ്ഠപുരം സ്വദേശിക്കെതിരെ കേസെടുത്തു. വയനാട്ടിൽ തൊണ്ടർനാട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.