മലപ്പുറം: വാഹനങ്ങളുടെ നിയമലംഘനങ്ങൾ തടയാനെന്ന പേരിൽ പൊലീസ് വ്യാപകമായി പടമെടുക്കുന്നതിനെതിരെ വിമർശനം ഉയരുന്നു. അനധികൃത പാർക്കിങ്ങിന്‍റെയും ഹെൽമെറ്റിന്‍റെയും പേരിലാണ് പൊലീസും മോട്ടോർ വാഹനവകുപ്പും മൊബൈൽ ഫോണുകളിൽ വ്യാപകമായി ഫോട്ടോയെടുത്ത് പിഴ ഈടാക്കുന്നത്. പൊതുനിരത്തുകളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും കാമറകൾ സ്ഥാപിക്കുന്നതിനും റോഡരികുകളിൽ തുടർച്ചയായ വാഹന പരിശോധനകൾ നടത്തുന്നതിനും പുറമെ ഇത്തരം നടപടികൾ തീർത്തും അനാവശ്യമാണെന്നാണ് വിമർശനം.
ഇത്തരം നടപടികൾ പൊതുജനങ്ങളിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും കടുത്ത പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. കടകളിൽനിന്ന് കുറഞ്ഞ സാധനങ്ങൾ വാങ്ങാൻ അൽപസമയം റോഡിൽ ഒതുക്കിനിർത്തുന്ന വാഹനങ്ങളുടെയടക്കം ഫോട്ടോകൾ എടുത്ത് പിഴ ഈടാക്കുന്നതായി ആക്ഷേപമുണ്ട്. തിരക്കുള്ള ജങ്ഷനുകളിലും റോഡുകളിലും ട്രാഫിക് നിയന്ത്രിക്കാൻ നിർത്തുന്ന ഹോം ഗാർഡുകളെ ഉപയോഗിച്ചും വ്യാപകമായി പൊലീസ് ഫോട്ടോ എടുപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി സ്വദേശി റോഡരികിൽ അൽപസമയം നിർത്തിയ കാറിന്‍റെ ഫോട്ടോ എടുത്ത പൊലീസിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കാറിൽ ഡ്രൈവർ ഉണ്ടായിട്ടുപോലും അനാവശ്യമായി ഫോട്ടോ എടുത്ത പൊലീസിനോട് കാർ യാത്രക്കാർ പ്രതിഷേധം അറിയിച്ചു. കാര്യം ബോധ്യപ്പെട്ട പൊലീസുകാർ പിഴ ഈടാക്കാൻ ഫോട്ടോ അപ്ലോഡ് ചെയ്യില്ലെന്ന് ഉറപ്പുനൽകിയതോടെയാണ് യാത്രക്കാർ പിന്മാറിയത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഇത്തരത്തിൽ പിഴ ഈടാക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പൊലീസിന്‍റെ അനാവശ്യ പടമെടുപ്പിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ പി. അബ്ദുൽ ഹമീദ് വിഷയത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. പൊലീസിന്‍റെ ഫോട്ടോയെടുപ്പ് വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനത്തിലേക്ക് കടക്കുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ടെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ പരാതിയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.