ചാലക്കുടി: മേലൂർ പഞ്ചായത്തിൽ വന്യമൃഗശല്യത്താൽ പൊറുതി മുട്ടി നാട്ടുകാർ. കഴിഞ്ഞ ദിവസം കൂവക്കാട്ടുകുന്ന് പോളി മേച്ചേരിയുടെയും സമീപത്തെ വീടുകളിലേയും വളർത്തു കോഴികളെ കുറുക്കന്മാർ കഴിഞ്ഞ ദിവസം കൊന്നു. 200 ഇറച്ചി കോഴികളെയാണ് രാത്രി കുറുക്കന്മാർ കൊന്നത്.
25 ദിവസം പ്രായമായ കോഴികളായിരുന്നു. രാവിലെ ഫാമിലെത്തിയ പോളി മൂന്ന് കുറുക്കന്മാർ ഫാമിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടു. കൂട്ടിലും പരിസരത്തുമായാണ് കോഴികളെ കൊന്നിട്ടത്. 15 ദിവസം കൂടി കഴിഞ്ഞാൽ വിൽപ്പനക്ക് കൊണ്ടുപോകേണ്ടവയായിരുന്നു ഇവ.
25 വർഷമായി കൂവക്കാട്ട് കുന്നിൽ ഫാം നടത്തി വരികയാണ് പോളി. സമീപ വീടുകളിലും വളർത്തു കോഴികളെ കൊന്നിട്ടിട്ടുണ്ട്.
ഈയിടെയായി മേലൂരിൽ വന്യമൃഗ ശല്യം കൂടി വരുന്നതായി നാട്ടുകാർ പരാതി പറയുന്നു. കാട്ടുപോത്ത്, കാട്ടുപന്നി, കുറുക്കൻ, മരപ്പട്ടി, കാട്ടുപൂച്ച തുടങ്ങിയ ജീവികളെ കാണാറുണ്ടെന്നും കൃഷിക്ക് നാശം വരുത്തുന്നതായും നാട്ടുകാർ പരാതി പറയുന്നു. പഞ്ചായത്തിന്റെ ഒരു ഭാഗം വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രദേശത്ത് പുലി കിണറ്റിൽ വീണിരുന്നു. വർധിച്ചു വരുന്ന വന്യമൃഗശല്യത്തിനെതിരെ നടപടിയെടുക്കണമെന്നും അവ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.