സുല്‍ത്താന്‍ ബത്തേരി (വയനാട്): സുൽത്താൻ ബത്തേരി ടൗണിൽ നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി കാട്ടാനയുടെ പരാക്രമം. വെള്ളിയാഴ്ച പുലർച്ച രണ്ടോടെ നഗരമധ്യത്തിലിറങ്ങിയ കാട്ടാന വഴിയാത്രക്കാരനെ തുമ്പിക്കൈകൊണ്ട് ചുഴറ്റിയടിച്ച് നിലത്തിട്ടു. ചവിട്ടാൻ ശ്രമിച്ചെങ്കിലും നടപ്പാതയിലെ കൈവരികളിൽ തട്ടിയതോടെ കാട്ടാന പിന്തിരിഞ്ഞു. ബത്തേരി ടൗണിൽ ചെറിയ കച്ചവടവുമായി ജീവിക്കുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശി തമ്പി എന്ന സുബൈർകുട്ടിയെയാണ് ആന ആക്രമിച്ചത്. തലനാരിഴക്കാണ് സുബൈർകുട്ടി രക്ഷപ്പെട്ടത്. നിസ്സാര പരിക്കേറ്റ ഇദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുവർഷം മുമ്പ് ബത്തേരി ടൗണിൽ ചുങ്കത്ത് കാട്ടാന എത്തിയിരുന്നെങ്കിലും ദേശീയപാതയിലേക്ക് കയറിയിരുന്നില്ല. അന്ന് ആരേയും ആക്രമിച്ചതുമില്ല.
ടൗണിൽ നഗരസഭ ഓഫിസിനടുത്താണ് ആന ആദ്യം എത്തിയത്. കാടിനോട് ചേർന്നുള്ള മുള്ളൻകുന്ന് ഭാഗത്തുനിന്നാണ് വന്നത്. ഇതിനിടയിൽ മലബാർ ജ്വല്ലറിയുടെ മതിൽ ഭാഗികമായി തകർത്തു. കുറച്ചുദൂരം ടൗണിൽ ദേശീയപാതയിലൂടെ നടന്നു. റോഡിലൂടെ പോയ കെ.എസ്.ആർ.ടി.സി ബസിനുനേരെയും പാഞ്ഞടുത്തു. അതിനുശേഷമാണ് ടൗണിലെ കടവരാന്തയിൽ അന്തിയുറങ്ങാറുള്ള സുബൈർകുട്ടി പുതപ്പുമായി നടപ്പാതക്ക് സമീപത്തുകൂടി നടന്നുനീങ്ങുന്നതിനിടെ കാട്ടാന പിന്നിൽനിന്ന് ആക്രമിച്ചത്. നേരം പുലർന്നപ്പോഴേക്കും ആന കുപ്പാടിക്ക് സമീപമുള്ള വനത്തിലേക്ക് തിരിച്ചുപോയി.
തമിഴ്നാട്ടില്‍ ഗൂഡല്ലൂര്‍ മേഖലയിൽ ഭീതിവിതച്ച പി.എം-രണ്ട് എന്ന റേഡിയോ കോളർ ധരിപ്പിച്ച മോഴയാനയാണ് ബത്തേരിയിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരിൽ ഏറെക്കാലം നാശംവിതച്ച ഈ ആന രണ്ടുപേരെ കൊന്നതാണെന്നും പറയപ്പെടുന്നു. ഒരുമാസം മുമ്പ് ഗൂഡല്ലൂരിൽനിന്ന്പിടികൂടി ഉൾവനത്തിലേക്ക് തുറന്നുവിട്ട കാട്ടാനയാണിത്. പാലക്കാട് പി.ടി-7 എന്ന ആനയെ തളയ്ക്കാന്‍ പോയ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ബത്തേരിയിലെ ആര്.ആര്.ടി സംഘം വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് തിരിച്ചെത്തി. തുടർന്ന് മുത്തങ്ങയിൽനിന്ന് സുരേന്ദ്രൻ, സൂര്യ എന്നീ രണ്ട് കുങ്കിയാനകളെ എത്തിച്ച് വനത്തിൽ കയറി ആനയെ നിരീക്ഷിച്ചു. ആന വീണ്ടും ടൗണിലിറങ്ങാതിരിക്കാനുള്ള നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. കാട്ടാനയിറങ്ങിയ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിലെ 10 ഡിവിഷനുകളിൽ രാവിലെ സബ് കലക്ടർ നിരോധ നാജ്ഞ പ്രഖ്യാപിച്ചു. ഈ ഡിവിഷനുകളിലെ സ്കൂളുകൾക്ക് ഉച്ചക്കുശേഷം ജില്ല കലക്ടർ അവധി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.