ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; ശാന്തൻപാറയിൽ രണ്ട് വീടുകൾ തകർത്തു

ശാന്തൻപാറ: ഇടുക്കി വീണ്ടും അരിക്കൊമ്പന്‍ കാട്ടാനയുടെ ആക്രമണം. പുലർച്ചെ ഒരു മണിയോടെ ശാന്തൻപാറയിലെത്തിയ കാട്ടാന രണ്ട് വീടുകൾ തകർത്തു. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്‍റെയും ആറുമുഖന്‍റെയും വീടുകളാണ് കാട്ടാന തകർത്തത്.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ ചൊവ്വാഴ്ച ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. ആനയെ പിടികൂടുന്നതിനുള്ള തുടർനടപടികൾ ആലോചിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരാനിരിക്കെയാണ് പുതിയ ആക്രമണം നടന്നത്. ഇടുക്കി ജില്ലയിലെ മൂന്നാർ ഡിവിഷനിലെ ദേവികുളം റേഞ്ചിൽ ഉൾപ്പെടുന്ന ചിന്നക്കനാൽ, ശാന്തൻപാറ മേഖലിൽ കുറേ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനയാണ് അരിക്കൊമ്പൻ.

പ്രശ്നക്കാരായ ആനകളെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ മതികെട്ടാൻ ചോലയിലേക്ക് തുരത്തുകയോ പിടികൂടി കൊണ്ടു പോവുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദേശം നൽകിയിട്ടുള്ളത്.

ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാൻ വയനാട്, ഇടുക്കി ദ്രുതകർമ സേനകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന മുമ്പ് നടത്തിയിരുന്നു. വയനാട്ടിൽ നിന്നെത്തിയ ദ്രുതകർമ സേനയാണ് ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയത്. പ്രശ്നക്കാരായ കൊമ്പന്മാരെ നിരീക്ഷിച്ച് വിവരശേഖരണം നടത്തുകയായിരുന്നു സംഘത്തലവൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നടന്നത്. 

Tags:    
News Summary - wild elephant attack in Idukki santhanpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.