ആമ്പല്ലൂർ: ചിമ്മിനി ഡാം റോഡിൽ കാട്ടാന ഇറങ്ങി ബൈക്ക് യാത്രക്കാരെ ആക്രമിക്കാൻ ശ്രമം. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ടാപ്പിങ് തൊഴിലാളികളായ പുലിക്കണ്ണി പള്ളിപ്പുറത്ത് ഷക്കീർ (51) മകൻ ആരിഫ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലർച്ച അഞ്ചിന് വലിയകുളം ആറളപാടിക്ക് സമീപമാണ് സംഭവം. റോഡിലെ വളവിൽ നിന്നിരുന്ന ഒറ്റയാനാണ് ഇവരെ ആക്രമിക്കാൻ ശ്രമിച്ചത്.
വളവ് തിരിഞ്ഞയുടനെയാണ് ബൈക്ക് യാത്രക്കാർ നടുറോഡിൽ നിന്നിരുന്ന ആനയെ കണ്ടത്. ബൈക്കിന് നേരെ വന്ന ആനയെ കണ്ട് ഇരുംവരും ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. റബർ തോട്ടത്തിലൂടെ ഓടുന്നതിനിടെ മരക്കമ്പ് കൊണ്ട് ആരിഫിെൻറ വയറിലും കാലിലും പരിക്കേറ്റു. ഷക്കീറിനും നിസാര പരിക്കേറ്റു. ആരിഫ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആന ചവിട്ടി ഇവരുടെ ബൈക്കിന് കേടുപാടുകൾ സംഭവിച്ചു.
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിച്ചു. പാലംകുന്നേൽ ജോസിെൻറ നൂറോളം വാഴകളും കമുക്, തെങ്ങ് എന്നിവയും നശിപ്പിച്ചു. കൈപ്പറമ്പാടൻ ടൈറ്റസിെൻറ വളപ്പിലെ കമ്പിവേലി തകർക്കുകയും റംബൂട്ടാൻ മരങ്ങൾ നശിപ്പിക്കുകയും ചെയ്തു. പതിവായി മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ മൗനംപാലിക്കുന്നതായി കർഷകർ ആരോപിച്ചു.
പരാതിപ്പെട്ടിട്ടും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.
എന്തെങ്കിലും പരിഹാര നടപടികൾക്കായി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നിൽ കർഷകർ രണ്ടുതവണ സമരം നടത്തി. ഇതുവരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.