കേളകം: തൊഴിലാളികൾക്കുനേരെ പാഞ്ഞടുത്ത കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടയിൽ വീണ് ആറളം ഫാമിലെ ആദിവാസി തൊഴിലാളിയുടെ കാലൊടിഞ്ഞു. ഓട്ടത്തിനിടയിൽ വീണ് മറ്റ് മൂന്നുപേർക്കുകൂടി പരിക്കേറ്റു. ഫാം എട്ടാം ബ്ലോക്കിൽ കശുവണ്ടി ശേഖരിക്കുന്നതിനായി പോയ തൊഴിലാളികൾക്കുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. 25ഓളം സ്ത്രീ തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഫാം സ്കൂളിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാന തൊഴിലാളികൾക്കുനേരെ പാഞ്ഞടുത്തത്. തൊഴിലാളികൾ പാലഭാഗങ്ങളിലായി ചിതറിയോടുന്നതിനിടയിൽ വീണ് പരിക്കേറ്റ ആദിവാസി തൊഴിലാളി കമലയുടെ കാലാണ് ഒടിഞ്ഞത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികളായ നിഷ ഭാസ്കരൻ, പി.ആർ. ജിജി, ലീലാമ്മ എന്നിവർക്കും പരിക്കേറ്റു. ഇതോടെ മേഖലയിലെ കശുവണ്ടി ശേഖരണം നിർത്തിവെച്ചു. ഫാമിൽ ഏറ്റവും കൂടുതൽ കശുവണ്ടി വിളയുന്ന പ്രദേശമാണ് എട്ടാം ബ്ലോക്ക്. ഇവിടെ പത്തിലധികം ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ലാതെയാണ് തൊഴിലാളികൾ ജോലിക്കെത്തുന്നത്.
15 തൊഴിലാളികൾക്ക് ഒരു സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. കശുവണ്ടി സീസണായതോടെ നിരവധി തൊഴിലാളികളാണ് ഫാമിലെ വിവിധ ബ്ലോക്കുകളായി ജോലി ചെയ്യുന്നത്. ആനയെ ഫാമിനകത്തുനിന്നും വനത്തിലേക്ക് തുരത്താനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ആവശ്യമായ സുരക്ഷയൊരുക്കാതെ ജോലിക്ക് ഹാജരാകില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. കഴിഞ്ഞവർഷം ആറളം ഫാമിലെ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.