മതസൗഹാർദം നിലനിർത്താൻ പറഞ്ഞുകൊണ്ടേയിരിക്കും, 30 മിനിറ്റുള്ള പ്രസംഗത്തിലെ 30 സെക്കൻഡുള്ള കാര്യം വിവാദമാക്കേണ്ടതില്ല -മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: മതസൗഹാർദം നിലനിർത്താൻ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവനക്കെതിരെ നടത്തിയ പ്രസംഗം വിവാദമായതിനെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതസൗഹാർദം തകർക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിനെ എതിർക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 30 മിനിറ്റുള്ള പ്രസംഗത്തിലെ 30 സെക്കൻഡുള്ള കാര്യമാണ് എടുത്ത് പറയുന്നത്. ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല. സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ ഓർമി​പ്പിക്കേണ്ട കാര്യമാണ് പറഞ്ഞത്. അതിനെ നല്ല അർഥത്തോടെ സമസ്ത കാണുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

"നിലവിൽ കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും മണിപ്പൂരടക്കം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഞാൻ സംസാരിച്ചു. അതിന് ശേഷം കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി സാമൂഹ്യ സുരക്ഷയൊരുക്കുന്ന കാര്യത്തിൽ, സാമ്പത്തികമായി അവരെ സഹായിക്കുന്ന കാര്യത്തിൽ, വിദ്യാഭ്യാസപരമായി അവരെ മു​ന്നാക്കം കൊണ്ടുവരുന്ന കാര്യത്തിലൊക്കെ സർക്കാർ എടുത്ത നിലപാട് സംസാരിക്കവേ കേരളം പോലുള്ള സംസ്ഥാത്തിൽ ഇന്ന് വേണ്ടത് ഒന്നിച്ചുനിൽക്കലാണെന്നാണ് പറഞ്ഞത്. കേരളത്തിന്റെ മതസൗഹാർദത്തെ തകർക്കുന്ന രീതിയിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ മിഷനറിയിൽപെട്ട ചില ആളുകളും ഇത്തരത്തിൽ ചില പ്രസ്താവനകൾ നടത്തിയപ്പോൾ അന്നും നമ്മൾ മറുപടി പറഞ്ഞിരുന്നു. ഇതൊന്നും അനുവദിക്കാൻ കഴിയില്ല. കേരളം പോലെ ന്യൂനപക്ഷങ്ങൾക്ക് ഇത്രയധികം സ്വാതന്ത്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന മറ്റേത് സംസ്ഥാനമാണ് ഇന്ത്യയിലുള്ളത്?. എന്തു വിലകൊടുത്തും കേരളത്തിലെ മതസൗഹാർദം നിലനിർത്താൻ ബാധ്യസ്ഥരാണ് ഞങ്ങളൊക്കെ. അത് പറഞ്ഞുകൊണ്ടേയിരിക്കും. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. 30 മിനിറ്റുള്ള പ്രസംഗത്തിലെ 30 സെക്കൻഡുള്ള കാര്യമാണ് എടുത്ത് പറയുന്നത്. ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല. സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ ഓർമി​പ്പിക്കേണ്ട കാര്യമാണ് പറഞ്ഞത്. അതിനെ നല്ല അർഥത്തോടെ സമസ്ത കാണുമെന്നാണ് വിശ്വാസം. കാരണം, കേരളത്തിൽ മതസൗഹാർദം പുലർത്തുന്ന കാര്യത്തിൽ വലിയ ത്യാഗം സഹിച്ചവരാണ് സമസ്തയുടെ മുൻകാല നേതാക്കൾ. അവരടങ്ങുന്ന വലിയ വിഭാഗമാണ് ഇന്ന് കേരളത്തിൽ സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചത്" -മന്ത്രി പറഞ്ഞു.

മുസ്‌ലിംകൾ ക്രിസ്മസ് ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവനക്കെതിരെ മന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്യവെ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന മന്ത്രിയുടെ പ്രസംഗം വിവാദമായിരുന്നു. ഇന്ന് മന്ത്രിക്കെതിരെ രംഗത്തുവന്ന ഹമീദ് ഫൈസി, മതേതരത്വവും മതസൗഹാർദവും മന്ത്രിയിൽനിന്ന് പഠിക്കേണ്ട ഗതികേടില്ലെന്നും പറഞ്ഞിരുന്നു.

Tags:    
News Summary - Will continue to say to maintain religious harmony -V Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.