സി.പി.എം- പൊലീസ് ഗൂഢാലോചനയെ നേരിടും -കെ. സുരേന്ദ്രൻ

സി.പി.എമ്മിന്‍റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സി.പി.എം ഗൂഢാലോചന ബി.ജെ.പി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തി നാട്ടിൽ കലാപമുണ്ടാക്കാനുള്ള സി.പി.എമ്മിന്‍റെ അപകടകരമായ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടും.

തിരുവല്ലയിലെ വനിതാ നേതാവ് സി.പി.എം പ്രാദേശിക നേതാവിനെതിരെ ഉയർത്തിയ പീഡന പരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പത്തനംതിട്ട ജില്ലയിലുള്ള സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും അന്വേഷിക്കണം. തിരുവല്ലയിലെ കൊലപാതകത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണ്.

എന്നാൽ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്നു സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തി എന്ന എഫ്.ഐ.ആർ നൽകിയത്. സി.പി.എം പറയുന്നത് പോലെയാണ് പൊലീസ് പ്രവർത്തിക്കുന്നതെങ്കിൽ അത് അനുവദിച്ചു തരാൻ ബി.ജെ.പി ഒരുക്കമല്ല. രാജ്യത്ത് പൊലീസിനും മുകളിൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ജുഡീഷ്യറിയും ഉണ്ട്.

സി.പി.എമ്മിന്‍റെ പോഷകസംഘടനയായി പ്രവർത്തിക്കുന്നതിന് കേരള ഡി.ജി.പി ഉത്തരവാദിത്തപ്പെട്ടവർക്ക് മുമ്പിൽ മറുപടി നൽകേണ്ടി വരും. സന്ദീപ് വധക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസൽ ബി.ജെ.പിക്കാരനാണോ. ഇയാളുടെ പശ്ചാത്തലമെന്താണ് എന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വളന്‍റിയർ യൂനിഫോമിൽ സി.പി.എം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ ബി.ജെ.പിയാണോ. സജീവ സി.പി.എം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി ബി.ജെ.പി പ്രവർത്തകനാണോ.

പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ ബി.ജെ.പിയാണോ. ഇവരെല്ലാം സി.പി.എം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബി.ജെ.പിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും. എ.കെ.ജി സെന്‍ററിൽ നിന്നും എഴുതിയ ഭോഷ്ക്ക് എഫ്.ഐ.ആർ ആണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - will face CPM-police conspiracy -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.