കാസർകോട്: ഈ നാട്ടിലെ മണ്ണിലും മനുഷ്യരിലുമാണ് വിശ്വാസമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. മനുഷ്യച്ചങ്ങല ഉദ്ഘാടനപ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വർഗീയസംഘർഷം നടക്കാത്ത ഏകസ്ഥലം കേരളമാണ്. വികസനവും ജനക്ഷേമപ്രവർത്തനങ്ങളും അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ നോക്കുന്നത്. അതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിനാവുന്നില്ല. യോജിച്ച സമരത്തിന് വിളിച്ചാൽ പങ്കെടുക്കാനും തയാറാകുന്നില്ല. എന്നാൽ, തനിച്ചൊരു പ്രതിഷേധം നടത്താനെങ്കിലും കോൺഗ്രസ് തയാറാവേണ്ടേയെന്നും റഹീം ചോദിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ രണ്ട് കുറ്റമാണുള്ളത്. ഒന്നാമത്തേത് 1948 ജനുവരി 30ന് ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നതും രണ്ടാമത്തേത് 1992 ഡിസംബർ ആറിന് പകൽ 12.15ന് സരയുവിന്റെ തീരത്തെ ബാബരി മസ്ജിദ് പള്ളി പൊളിച്ചതും. ഇത് രണ്ടും ചെയ്തത് ആർ.എസ്.എസാണ്. അന്നവർ പള്ളി പൊളിച്ച്, തകർന്ന മിനാരങ്ങൾക്ക് മുകളിൽനിന്ന് വിളിച്ചത് ‘ജയ് ശ്രീറാം’ എന്നാണ്. എന്നാൽ, ഹൃദയത്തിൽ രാമനെ പ്രതിഷ്ഠിച്ച ഗാന്ധി അതേ നാവുകൊണ്ടുതന്നെ ‘ഈശ്വര അള്ളാ തേരേ നാം’ എന്നാണ് പറഞ്ഞിരുന്നത് -റഹീം പറഞ്ഞു. ഇവിടത്തെ അവസാനത്തെ ഡി.വൈ.എഫ്.ഐക്കാരനും മരിച്ചുവീഴുന്നതുവരെ സംഘ്പരിവാരത്തിന്റെ വർഗീയതക്കെതിരെ പൊരുതാൻ ഡി.വൈ.എഫ്.ഐ ഉണ്ടാകുമെന്നും റഹീം കൂട്ടിച്ചേർത്തു.
കാസർകോട്: കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കാസർകോട് മുതൽ തിരുവനന്തപുരംവരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലക്ക് കാസർകോട്ട് ആവേശ തുടക്കം. റെയിൽവേയാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെയാണ് 36 വർഷത്തിനുശേഷമിപ്പുറം വീണ്ടും ഡി.വൈ.എഫ്.ഐ ചങ്ങല തീർത്തത്. 3.30 മുതൽതന്നെ കാസർകോട്ട് റെയിൽവേ സ്റ്റേഷന് മുന്നിൽ കുട്ടികളടക്കമുള്ളവർ എത്തിയിരുന്നു. കൃത്യം അഞ്ചിന് പ്രതിജ്ഞ ചൊല്ലി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം ആദ്യകണ്ണിയായി മനുഷ്യച്ചങ്ങല ആരംഭിച്ചപ്പോൾ ആയിരക്കണക്കിന് വർഗബഹുജന സംഘടനാപ്രവർത്തകരാണ് ചങ്ങലയുടെ ഭാഗമായത്.
1987ൽ കാസർകോട് ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു ആദ്യ മനുഷ്യച്ചങ്ങല ഡി.വൈ.എഫ്.ഐ തീർത്തത്. അന്ന് ജില്ലയിൽ ആദ്യകണ്ണിയായത് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹനൻ മൊല്ലയാണ്. രണ്ടാമത്തെ കണ്ണിയായത് അന്നത്തെ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് സി.എച്ച്. കുഞ്ഞമ്പുവാണ്. ആദ്യ കണ്ണികളിൽ അണിചേർന്ന എം.വി. ബാലകൃഷ്ണനും, കെ.പി. സതീഷ്ചന്ദ്രനുമെല്ലാം ഇത്തവണയും മനുഷ്യച്ചങ്ങലയുടെ ഭാഗമായി. ജില്ലയിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ കാലിക്കടവുവരെ 46.4 കിലോമീറ്റർവരെയാണ് ചങ്ങല തീർത്തത്.
കേരളത്തിലെ കാൽലക്ഷം യൂനിറ്റിൽനിന്നാണ് ശനിയാഴ്ചത്തെ മനുഷ്യച്ചങ്ങലയിൽ പ്രവർത്തകരെത്തുന്നത്. ജില്ല അതിർത്തി കാലിക്കടവിൽ മുൻ എം.പി പി. കരുണാകരൻ അവസാന കണ്ണിയായി.
സിനിമ നടൻ പി.പി. കുഞ്ഞികൃഷ്ണൻ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ്ചന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, ഡി.വൈ.എഫ്.ഐ കർണാടക സംസഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് ഷാലു മാത്യു തുടങ്ങിയവരാണ് റഹീമിനുശേഷം ചങ്ങലയിൽ കണ്ണികളായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പങ്കെടുത്തത്.
കാഞ്ഞങ്ങാട്: ഡി.വൈ. എഫ്. ഐ യുടെ മനുഷ്യ ചങ്ങലകാഞ്ഞങ്ങാട്ട് മനുഷ്യക്കോട്ടയായി മാറി. കണ്ണിചേരാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. യുവാക്കൾക്കൊപ്പം കുട്ടികളും വൃദ്ധരും സ്ത്രീകളും ഉൾപ്പെടെയുള്ള വർ അണിനിരന്നപ്പോൾ നഗരത്തെ വീർപ്പുമുട്ടിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ രാവണേശ്വരം മേഖല ചാമുണ്ഡിക്കുന്ന് മുതൽ ചിത്താരി സ്കൂൾ വരെയും ചിത്താരി മേഖല മുബാറക് ട്രാവൽസ് ഓഫീസ് വരെയും ചാലിങ്കാൽ മേഖല മഡിയൻ വുഡ്പാലസ് വരെയും അണിനിരന്നു. പുല്ലൂർ മേഖലാ കമ്മിറ്റി മാണിക്കോത്ത് ജുമാ മസ്ജിദ് വരെയും അജാനൂർ മേഖല മാണിക്കോത്ത് റേഷൻ കട വരെയും പെരിയ മേഖലാ കമ്മിറ്റി എം.വി.എസ് ഓഡിറ്റോറിയം വരെയും പെരിയ , കൊളവയൽ മേഖലാ കമ്മിറ്റി , അമ്പലത്തറ മേഖലാ കമ്മിറ്റി , പുതുക്കൈ മേഖലാ , കിഴക്കുംകര മേഖല , ബല്ല വെസ്റ്റ് , ബല്ല ഈസ്റ്റ് , തീരദേശം , കാഞ്ഞങ്ങാട് മേഖല ,
ഹോസ്ദുർഗ് മേഖലയിലെ പ്രവർത്തകർ അണിനിരന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ പതിനായിരം ആളുകളെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇതിൽ കൂടുതൽ പേർ എത്തിയതായി സംഘാടകർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.