തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് മുഴുവൻ വോട്ടും കിട്ടുന്ന ഏക സംസ്ഥാനമായി കണക്കാക്കുന്ന കേരളത്തിൽ വിള്ളൽ ആശങ്ക ഉയർത്തി ജനതാദൾ (എസ്) ദേശീയ നിലപാട്. ദേശീയ നേതൃത്വത്തിന്റെ നിലപാടിൽ വ്യക്തത വരുത്താൻ എൽ.ഡി.എഫ് ഘടകകക്ഷികൂടിയായ ജെ.ഡി (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് ബംഗളുരൂവിലേക്ക് തിരിച്ചു.
വെള്ളിയാഴ്ച ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി ചർച്ചനടത്തി നിലപാടിൽ വ്യക്തതവരുത്താമെന്ന പ്രതീക്ഷയിലാണ് പാർട്ടി സംസ്ഥാന ഘടകം. യശ്വന്ത് സിൻഹ വോട്ട് അഭ്യർഥിച്ച് ആദ്യമെത്തിയ സംസ്ഥാനം കേരളമാണ്. ഡൽഹിയിൽ മമത ബാനർജി സ്ഥാനാർഥി നിർണയത്തിനായി വിളിച്ച യോഗത്തിൽവരെ പങ്കെടുത്ത ജെ.ഡി(എസ്) പിന്നീട് വേറിട്ട സൂചനയാണ് നൽകിയത്.
ദേവഗൗഡയുടെ മകനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ അനുകൂലിക്കുന്ന തരത്തിൽ പ്രസ്താവന നടത്തി. വിജയിക്കാൻ ആവശ്യമായ സംഖ്യയുണ്ടായിട്ടും മുർമു തന്റെ പിതാവിനെ ഫോണിൽ വിളിച്ച് പിന്തുണ തേടിയെന്നും അത് അവരുടെ നല്ല വശത്തിന് ഉദാഹരണമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ജെ.ഡി (എസ്) നിലപാട് വരുംദിവസം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് സംസ്ഥാന ഘടകത്തെ അസ്വസ്ഥമാക്കുന്നത്. കർണാടകത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് വരാനിരിക്കെ കുമാരസ്വാമിയുടെയും ജെ.ഡി(എസ്) ന്റെയും നിലപാട് നിർണായകമാണ്.
കോൺഗ്രസുമായി നല്ല ബന്ധത്തിലല്ല കുമാരസ്വാമി. ജെ.ഡി(എസ്)ന് പാർലമെന്റിൽ രണ്ട് അംഗങ്ങളാണുള്ളത്. ദേവഗൗഡ രാജ്യസഭയിലും പ്രാജ്വാൽ രാവണ്ണ ലോക്സഭയിലും. കർണാടകയിൽ 30 എം.എൽ.എമാരുമുണ്ട്. കേരളത്തിൽ രണ്ട് എം.എൽ.എമാരാണുള്ളത്. മാത്യു ടി. തോമസും കെ. കൃഷ്ണൻകുട്ടിയും. ജെ.ഡി(എസ്)-എൽ.ജെ.ഡി ലയനം അടുത്തിരിക്കെ വരുംദിവസങ്ങൾ ദൾ സംസ്ഥാന ഘടകത്തിന് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.