സ്വന്തം കട അടച്ചവർക്കെതിരെ വരെ പൗരത്വ സമരത്തിനിടെ കേസെടുത്ത നാടാണ് കേരളം; വാക്കിന് വിലയുണ്ടെങ്കിൽ പിണറായി കേസുകൾ പിൻവലിക്കണം -എം.കെ. മുനീർ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തിയതിന് കേസെടുത്ത പിണറായി സർക്കാർ വാക്കിന് വില കല്പിക്കുന്നുണ്ടെങ്കിൽ കേസുകൾ പിൻവലിക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ. ഇന്ത്യയൊട്ടാകെ നടന്ന പൗരത്വ പ്രക്ഷോഭങ്ങൾ തികച്ചും ന്യായമായ ആവശ്യത്തിന്റെ പേരിൽ നടന്ന ഏറെക്കുറെ സമാധാന പരമായ സമരങ്ങളായിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ. സംഘ് പരിവാറിന്റെ പൗരത്വ ഭേദഗതി നിയമ ന്യായീകരണങ്ങൾ കേൾക്കാൻ വിസമ്മതിച്ചു കൊണ്ട് സ്വന്തം കട മുറി അടച്ചു വീട്ടിൽ പോയവർക്ക് നേരെ വരെ കേസെടുത്ത നാടാണ് പിണറായി ഭരിക്കുന്ന കേരളം -മുനീർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

പൗരത്വ നിയമം നടപ്പാകില്ല എന്ന് ഓരോ ഘട്ടത്തിലും വെറുതെ പ്രഖ്യാപിച്ച് കയ്യടി വാങ്ങുകയാണ് പിണറായി ചെയ്തത്. ഇലക്ഷൻ ദിനങ്ങളിൽ മുസ്‍ലിം മാനേജ്‌മന്റ് നടത്തുന്ന പത്രങ്ങളിൽ മാത്രം ഈ പ്രഖ്യാപനം ഒന്നാം പേജിൽ പരസ്യമായി നൽകി. ഒരു വശത്ത് വോട്ട് തട്ടിക്കൂട്ടാൻ ശ്രമിക്കുന്ന പിണറായി വിജയൻ ഒരല്പമെങ്കിലും സ്വന്തം വാക്കിന് വില കല്പിക്കുന്നുണ്ടെങ്കിൽ ഈ കേസുകളുടെ പേരിൽ പലർക്കും ഊരാക്കുരുക്ക് വീഴില്ലായിരുന്നു. പിണറായിയുടെയും അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പിന്റെയും വാക്കും പ്രവർത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടന്ന സമരങ്ങളുടെ പേരിൽ 835 കേസുകളാണ് എടുത്തത്. പിന്നീട് ശബരിമല പ്രക്ഷോഭ കേസുകൾക്കൊപ്പം ഈ കേസുകളും പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും വെറും 34 കേസുകൾ മാത്രമാണ് പിൻവലിച്ചത്. അക്രമക്കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. ആകെ 835 കേസുകളിൽ 801 കേസുകളും ഗുരുതരമായ അക്രമം നടന്ന കേസുകളാണോ ? -മുനീർ ചോദിച്ചു.

ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. ഈ വിവേചനം പൊതു സമൂഹത്തിന് മുൻപാകെ കൊണ്ടു വരും. ഗ്യാലറിക്ക് വേണ്ടിയുള്ള കയ്യടികളല്ല, വാക്ക് പാലിക്കാനുള്ള ആർജ്ജവമാണ് ആ പദവിയിൽ ഇരിക്കുന്ന വ്യക്തി കാണിക്കേണ്ടത് -അ​ദ്ദേഹം പറഞ്ഞു.

മുനീറിന്റെ ഫേസ്ബുക് കുറപ്പിൽനിന്ന്:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടന്ന സമരങ്ങളുടെ പേരിൽ 835 കേസുകളെടുക്കുകയുണ്ടായി.

പിന്നീട് ശബരിമല പ്രക്ഷോഭ കേസുകൾക്കൊപ്പം ഈ കേസുകളും പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായെങ്കിലും വെറും 34 കേസുകൾ മാത്രമാണ് പിൻവലിച്ചത്. അക്രമക്കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. ആകെ 835 കേസുകളിൽ 801 കേസുകളും ഗുരുതരമായ അക്രമം നടന്ന കേസുകളാണോ ?

ഇന്ത്യയൊട്ടാകെ നടന്ന പൗരത്വ പ്രക്ഷോഭങ്ങൾ തികച്ചും ന്യായമായ ആവശ്യത്തിന്റെ പേരിൽ നടന്ന ഏറെക്കുറെ സമാധാന പരമായ സമരങ്ങളായിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ. സംഘ് പരിവാറിന്റെ പൗരത്വ ഭേദഗതി നിയമ ന്യായീകരണങ്ങൾ കേൾക്കാൻ വിസമ്മതിച്ചു കൊണ്ട് സ്വന്തം കട മുറി അടച്ചു വീട്ടിൽ പോയവർക്ക് നേരെ വരെ കേസെടുത്ത നാടാണ് പിണറായി ഭരിക്കുന്ന കേരളം.

പൗരത്വ നിയമം നടപ്പാകില്ല എന്ന് ഓരോ ഘട്ടത്തിലും വെറുതെ പ്രഖ്യാപിച്ച് കയ്യടി വാങ്ങുകയും ഇലക്ഷൻ ദിനങ്ങളിൽ മുസ്‍ലിം മാനേജ്‌മന്റ് നടത്തുന്ന പത്രങ്ങളിൽ മാത്രം ഈ പ്രഖ്യാപനം ഒന്നാം പേജിൽ പരസ്യമായി നൽകുകയും ചെയ്ത്‌, ഒരു വശത്ത് വോട്ട് തട്ടിക്കൂട്ടാൻ ശ്രമിക്കുന്ന പിണറായി വിജയൻ ഒരല്പമെങ്കിലും സ്വന്തം വാക്കിന് വില കല്പിക്കുന്നുണ്ടെങ്കിൽ ഈ കേസുകളുടെ പേരിൽ പലർക്കും ഊരാക്കുരുക്ക് വീഴില്ലായിരുന്നു. പിണറായിയുടെയും അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പിന്റെയും വാക്കും പ്രവർത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. ഈ വിവേചനം പൊതു സമൂഹത്തിന് മുൻപാകെ കൊണ്ടു വരും. ഗ്യാലറിക്ക് വേണ്ടിയുള്ള കയ്യടികളല്ല, വാക്ക് പാലിക്കാനുള്ള ആർജ്ജവമാണ് ആ പദവിയിൽ ഇരിക്കുന്ന വ്യക്തി കാണിക്കേണ്ടത്.

Tags:    
News Summary - Withdrawal of anti-caa protest case in kerala: Dr MK Muneer against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.