കോഴിക്കോട്: എം.വി.ഡി പ്രോജക്ടിൽ പ്രവർത്തിച്ചിരുന്ന കരാർ ജീവനക്കാർ തിരിച്ചെത്തിയെങ്കിലും ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ച സി-ഡിറ്റ് നടപടി മോട്ടോർ വാഹന വകുപ്പിന് നാണക്കേടായി. ഒമ്പതു മാസത്തിലധികമായി പ്രതിഫലത്തുക ലഭിക്കാത്തതിനാലും പുതുക്കിയ കരാർ വ്യവസ്ഥകൾ അംഗീകരിക്കാത്തതിനാലും എം.വി.ഡി പ്രോജക്ടിൽ പ്രവർത്തിച്ചിരുന്ന 200 കരാർ ജീവനക്കാരെ കഴിഞ്ഞ 17ന് സി-ഡിറ്റ് പിരിച്ചുവിട്ട നടപടിയാണ് മോട്ടോർ വാഹനവകുപ്പിന് ഏറെ ക്ഷീണം വരുത്തിയത്. സംസ്ഥാന ഖജനാവിലേക്ക് വൻതോതിൽ പണം സമാഹരിക്കുന്ന വകുപ്പിന്റെ ദൈനംദിന പ്രവർത്തനത്തിന് ഫണ്ട് നൽകാതെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തിപ്പെടുകയും ചെയ്തു.
സി-ഡിറ്റ് ജീവനക്കാരെ പിൻവലിച്ചതോടെ മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ വെള്ളം മുതൽ ഇലക്ട്രോണിക്, കമ്പ്യൂട്ടർ സംവിധാനങ്ങൾ വരെ താളംതെറ്റി. 2010 മുതൽ നൽകിവരുന്ന സേവനങ്ങളാണ് ജീവനക്കാരെ പിൻവലിച്ചതോടെ നിലച്ചത്. രണ്ടു മുതൽ ഒമ്പതുവരെ കരാർ ജീവനക്കാരുള്ള ഓഫിസുകൾ സംസ്ഥാനത്തുണ്ട്. റോഡുകളിലെ നിയമ ലംഘനങ്ങൾ, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ, ലൈസൻസ് പ്രിന്റിങ്ങുകൾ, പുതിയ വാഹനങ്ങളുടെ ആർ.സി പരിശോധന, 15 വർഷം പൂർത്തിയായ വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി മോട്ടോർ വാഹനവകുപ്പ് ഓഫിസുകളിലെ പ്രവർത്തനം ഒരാഴ്ചയോളം തകിടംമറിഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് വകുപ്പിന് സംഭവിച്ചത്.
വ്യാഴാഴ്ച വകുപ്പ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ, നൽകാനുള്ള കുടിശ്ശിക എത്രയും വേഗം അനുവദിക്കാമെന്നും പ്രോജക്ടിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നുമുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങൾ നൽകാൻ സി-ഡിറ്റ് തയാറായത്. സി-ഡിറ്റ് ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് വ്യാഴാഴ്ച രാത്രിയോടെയാണ് പിൻവലിച്ചത്. കരാർ ജീവനക്കാരെ ആഗസ്റ്റ് മുതൽ അടുത്ത ഒക്ടോബർ വരെയോ പ്രോജക്ട് കാലാവധി തീരുന്ന വരെയോ, ഏതാണ് ആദ്യം അതുവരെ മാത്രം എന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയതിനാൽ സി-ഡിറ്റിന്റെ ഫെസിലിറ്റി സേവനങ്ങൾ രണ്ടുമാസത്തേക്ക് മാത്രമാണെന്ന് സൂചിപ്പിക്കുന്നു.
സി-ഡിറ്റ് കരാർ ജീവനക്കാർ അതതു എം.വി.ഡി ഓഫിസുകളിൽ ഇ-ഓഫിസ്, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളുടെ ലോഗിൻ, യൂസർ ഐ.ഡി പാസ് വേഡുകൾ എന്നിവ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യാനും പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിന് സാങ്കേതിക സഹായം നൽകുന്നതൊഴികെ കരാർ ജീവനക്കാർ ഏതെങ്കിലും തരത്തിൽ ഓഫിസ് സേവനങ്ങളുമായി ബന്ധപ്പെടുന്നതും വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.