സമ്മതം പിൻവലിച്ചാൽ ഉഭയസമ്മതപ്രകാരമുള്ള വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് ഹൈകോടതി

കൊച്ചി: ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹരജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് ഹൈകോടതി.

ഭാര്യ സമ്മതമല്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഉഭയസമ്മതപ്രകാരമുള്ള ഹരജി തിരുവനന്തപുരം കുടുംബകോടതി തള്ളിയതിനെതിരെ കായംകുളം സ്വദേശിയായ ഭർത്താവ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹരജികളിൽ വിധി വരുന്നതുവരെ ഇരുകക്ഷികൾക്കും വിവാഹമോചനത്തിന് സമ്മതമാണെന്ന കാര്യം കോടതി ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ട്. രണ്ടുകൂട്ടരുടെയും സമ്മതമില്ലെങ്കിൽ ഇത്തരം ഹരജിയിൽ വിവാഹമോചനം അനുവദിക്കാൻ കോടതിക്ക് അധികാരമില്ല.

ഇരുകക്ഷിയും വിവാഹമോചനത്തിനു സമ്മതമാണെന്ന നിലപാടിൽ തുടർന്നാൽ മാത്രമേ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബിയിൽ പറയുന്ന ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹരജി പരിഗണിച്ചു തീർപ്പാക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. 2019 ഒക്ടോബർ 11നുണ്ടാക്കിയ ഉടമ്പടിയെത്തുടർന്നാണ് ഹരജിക്കാരനും ഭാര്യയും പരസ്പരസമ്മതത്തോടെ വിവാഹമോചന ഹരജി നൽകിയത്.

എന്നാൽ, മകന്‍റെ ഭാവിയെയോർത്ത് വിവാഹമോചനമെന്ന ആവശ്യത്തിൽനിന്ന് പിന്മാറുകയാണെന്ന് ഭാര്യ 2021 ഏപ്രിൽ 12ന് കോടതിയിൽ പത്രിക നൽകി. തുടർന്നാണ് കുടുംബകോടതി ഹരജി തള്ളിയത്.

ആദ്യം സമ്മതം തന്നശേഷം പിന്നീട് പിൻവലിച്ചതിന്‍റെ പേരിൽ ഹരജി തള്ളിയത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്. ഭാര്യ സമ്മതം പിൻവലിച്ച സാഹചര്യത്തിൽ ഹരജി തള്ളുകയാണ് കുടുംബകോടതിക്കു മുന്നിലുള്ള ഏക പോംവഴിയെന്നും ഹൈകോടതി വിലയിരുത്തി.

Tags:    
News Summary - Withdrawal of consent by mutual consent High Court says that divorce cannot be granted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.