കോൺഗ്രസില്ലാതെ ബി.ജെ.പിയെ തടുക്കാനാവില്ല, ഗാന്ധി കുടുംബത്തെ മാറ്റി നിർത്തി കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ല -എ.കെ. ആന്‍റണി

ന്യൂഡൽഹി: കോൺഗ്രസിന് മുഖ്യ പങ്കാളിത്തമില്ലാത്ത ഒരു പ്രതിപക്ഷ നിരക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്ന് മുതിർന്ന നേതാവ് എ.കെ ആന്‍റണി. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിനെ മാറ്റിനിർത്താനാവില്ല. കോൺഗ്രസില്ലാതെ ഭരണമാറ്റം ഉണ്ടാക്കാമെന്ന് പറയുന്നവർ സ്വപ്നജീവികളാണെന്നും ആന്‍റണി പറഞ്ഞു.

ജനാധിപത്യത്തിൽ സ്ഥിരം കസേരകൾ ആർക്കും ലഭിക്കില്ല. ലോകത്തെ ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇത്രയും കാലമായി കോൺഗ്രസ് നിലനിൽക്കുന്നുണ്ട്. ദേശീയ പാർട്ടി എന്ന നിലയിൽ എല്ലാ വാർഡുകളിലും അഞ്ച് പ്രവർത്തകരെങ്കിലും ഉള്ള പാർട്ടിയാണ് ഇന്ന് കോൺഗ്രസ്.

ഗാന്ധി കുടുംബത്തെ മാറ്റി നിർത്തി കോൺഗ്രസ് ഉണ്ടാക്കാമെന്ന് ആരെങ്കിലും കരുതേണ്ട. നെഹ്റു-ഗാന്ധി കുടുംബത്തിന്‍റെ നേതൃത്വമില്ലാത്ത പാർട്ടി, കോൺഗ്രസ് അല്ലെന്നും ആ കോൺഗ്രസിലൂടെ അണികളുണ്ടാവില്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്‍റെ തിരിച്ചു വരുമെന്നും അതിനുള്ള നടപടികളിലേക്കാണ് നീങ്ങുന്നതെന്നും ആന്‍റണി വ്യക്തമാക്കി.

നെഹ്റു കുടുംബത്തെ തനിക്ക് ഒരിക്കലും മറക്കാനാവില്ല. ദേശീയ രാഷ്ട്രീയത്തിൽ താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ നെഹ്റു-ഗാന്ധി കുടുംബമാണ്. ഇന്ദിര ഗാന്ധി കൈപിടിച്ചുയർത്തി. അതിനിടെ ഇന്ദിര ഗാന്ധിയും താനും വേർപ്പെട്ടു. തിരിച്ചു വന്നപ്പോൾ മറ്റ് ആരോടും കാണിക്കാത്ത പരിഗണന തനിക്ക് നൽകി. കേരളത്തിലെ കോൺഗ്രസ് ലയന സമ്മേളനത്തിൽ മാത്രമാണ് ഇന്ദിര പങ്കെടുത്തത്. ഇന്ദിരക്ക് പിന്നാലെ രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരിൽ നിന്നും പരിഗണനയും സൗഹൃദവും ലഭിച്ചു.

കേന്ദ്ര മന്ത്രിയെന്ന നിലയിൽ നരസിംഹറാവുവും മൻമോഹൻ സിങ്ങും തന്‍റെ വകുപ്പുകളിൽ ഇടപെട്ടിട്ടില്ല. പ്രതിപക്ഷം അവരുടെ ചുമതല എന്ന നിലയിലാണ് ആക്രമണം നടത്തിയത്. അപ്പോഴും വ്യക്തിപരമായ സൗഹൃദം പുലർത്തിയിട്ടുണ്ടെന്നും എ.കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Without the Congress, the BJP cannot be stopped and the Congress cannot move forward by replacing the Gandhi family- AK Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.