പുനലൂർ: അഞ്ചലിലെ ഉത്ര വധക്കേസിന്റെ ഭാഗമായുള്ള സ്ത്രീധന പീഡനക്കേസിൽ സാക്ഷി വിസ്താരം പുരോഗമിക്കുന്നു. നാലാം സാക്ഷിയും ഉത്രയുടെ അർധസഹോദരനുമായ ശ്യാംദേവിനെ ശനിയാഴ്ച വാദിഭാഗവും പ്രതിഭാഗവും വിസ്തരിച്ചു. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്നിലെ ആശ മറിയം മാത്യൂസാണ് കേസ് പരിഗണിക്കുന്നത്. ഉത്രയും ഒന്നാംപ്രതി സൂരജുമായുള്ള വിവാഹത്തിനു മുമ്പും ശേഷവും നടന്ന കാര്യങ്ങളും പ്രതികൾ സ്ത്രീധനത്തിനുവേണ്ടി മാനസികമായി പീഡിപ്പിച്ചിരുന്ന വിവരം അറിയാമെന്നും തര്‍ക്കങ്ങളില്‍ പലതവണ മധ്യസ്ഥ വഹിച്ചിട്ടുണ്ടെന്നും ശ്യാംദേവ് മൊഴി നൽകി. 15 ലക്ഷത്തോളം രൂപയും 96 പവൻ സ്വർണവും ഉത്രക്ക് സ്ത്രീധനമായും അല്ലാതെയും നൽകി എന്നും മൊഴി നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച സാക്ഷിയാണ് ശ്യാംദേവെന്നും ഉത്ര മരിച്ച ശേഷം മാത്രമാണ് സ്ത്രീധന പീഡന ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നതിൽ ഊന്നിയാണ് പ്രതിഭാഗം വിസ്താരം നടന്നത്. വിസ്താരം മൂന്നു മണിക്കൂറോളം നീണ്ടു. ജയിലിൽ കഴിയുന്ന കേസിലെ ഒന്നാംപ്രതി സൂരജിനെ വിഡിയോ കോൺഫറൻസിലാണ് ഹാജരാക്കിയത്. സൂരജിന്റെ അമ്മ, സഹോദരി എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കർ അസുഖബാധിതനായി കിടപ്പിലായതിനാൽ ഹാജരായില്ല. ഉത്രയുടെ അമ്മ മണിമേഖലയെ വിസ്തരിക്കാനായി കേസ് മേയ് 21ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി ശിബ് ദാസും പ്രതികൾക്ക് വേണ്ടി അഡ്വ.അനീസ് തങ്ങൾകുഞ്ഞും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.