കൊട്ടിയം: മരുമകളെയും കുട്ടിയെയും 20 മണിക്കൂറിലധികം വീടിന് പുറത്തിരുത്തിയ സംഭവത്തിൽ അമ്മായിയമ്മ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. തഴുത്തല പി.കെ ജങ്ഷനടുത്ത് ശ്രീലതത്തിൽ പ്രതീഷ് ലാൽ, മാതാവ് അജിതകുമാരി, ഇവരുടെ മകൾ പ്രസീദ എന്നിവർക്കെതിരെ സ്ത്രീധന പീഡനം, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി മൂന്നു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ സ്കൂൾ ബസിലെത്തുന്ന കുട്ടിയെ വിളിക്കാൻ അതുല്യ പുറത്തുപോയ ശേഷം തിരികെ വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്മായിയമ്മയാണ് വീട് പൂട്ടിയതെന്ന് നിരീക്ഷണ കാമറകളിൽനിന്ന് വിവരം ലഭിച്ചു. നാട്ടുകാർ പ്രതിഷേധവുമായെത്തുകയും പൊലീസുമായി വാക്കേറ്റവും ലാത്തിച്ചാർജും ഉണ്ടാവുകയും ചെയ്തു. സംഘടിച്ചെത്തിയ നാട്ടുകാർ രാത്രി യുവതിയെയും കുട്ടിയെയും മതിലിന് മുകളിലൂടെ വീട്ടുപുരയിടത്തിൽ കടത്തി. ഇരുവരും രാത്രി മുഴുവൻ വീടിന്‍റെ സിറ്റൗട്ടിൽ കഴിച്ചുകൂട്ടി.
വെളളിയാഴ്ച രാവിലെ സംഭവം പുറം ലോകം അറിഞ്ഞതോടെ വനിതാ കമീഷനും സി.ഡബ്ല്യുസി, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. വീട് പൂട്ടി അകത്തിരുന്ന അജിതകുമാരിയുമായി ചാത്തന്നൂർ എ.സി.പിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും ഉച്ചയോടെ യുവതിയെയും കുട്ടിയെയും വീടിനുള്ളിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അതുല്യയുടെ ഭർത്താവാണ് പ്രതീഷ് ലാൽ. വിവാഹം കഴിഞ്ഞതുമുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം പതിവായിരുന്നതായി പൊലീസിന്‍റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ചതന്നെ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും അമ്മായിയമ്മയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകാതിരുന്നതിൽ പ്രതിഷേധം ശക്തമാണ്. വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ ശനിയാഴ്ചയും വീട്ടിലെത്തി വിവരശേഖരണം നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ, മുൻ എം.പി പി. രാജേന്ദ്രൻ തുടങ്ങിയവരും ശനിയാഴ്ച അതുല്യയുടെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.