പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത് നിർമിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത് നിർമിച്ച് 15 ഓളം ഉദ്യോഗാര്‍ഥികളില്‍നിന്ന്​ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന യുവതി ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസില്‍ കീഴടങ്ങി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി കെ.ആര്‍. രശ്മിയാണ് പുലര്‍ച്ച 5.30 ഓടെ മൂന്ന് വയസ്സുള്ള കൈക്കുഞ്ഞുമായി കീഴടങ്ങിയത്.

ഇവരെ സൈബര്‍ സിറ്റി അസി. കമീഷണര്‍ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും താനും കുടുംബവും വഞ്ചിക്കപ്പെടുകയായിരുന്നെന്നും രശ്മി മൊഴിനൽകി.

അടൂര്‍ സ്വദേശിനി ആര്‍. രാജലക്ഷ്മിയാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് രശ്മിയില്‍നിന്ന്​ പൊലീസ്​ മനസ്സിലാക്കിയത്. ഭര്‍ത്താവ് ശ്രീജേഷിന്റെ അനുജന്‍ ജ്യോത്സ്യനാണ്. ഇയാളില്‍നിന്ന് ജ്യോതിഷം പഠിക്കാന്‍ വന്നയാളുടെ ഭാര്യയാണ് രാജലക്ഷ്മി. പൊലീസ് ഉദ്യാഗസ്ഥയെന്ന പേരിലാണ് ഇവര്‍ രശ്മിയുമായും ഭര്‍ത്താവുമായും ചങ്ങാത്തത്തിലായത്. തുടര്‍ന്ന് വിജിലന്‍സ്, ഇന്‍കം ടാക്‌സ്, ജി.എസ്.ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം മുതല്‍ 4.5 ലക്ഷംവരെ തന്‍റെയും ഭര്‍ത്താവിന്‍റെയും പക്കൽനിന്നും മറ്റു ഉദ്യോഗാര്‍ഥികളില്‍നിന്നും രാജലക്ഷ്മി തട്ടിയതായിട്ടാണ് രശ്മി പൊലീസിന് മൊഴി നൽകിയതായാണ്​ വിവരം.

വൈകീട്ട് അഞ്ചുവരെയും യുവതിയുടെയും കുഞ്ഞിന്റെയും കസ്റ്റഡി സ്ഥിരീകരിക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് രശ്മിയുടെ ഭര്‍ത്താവ് ആരോപിച്ചു. യുവതിയെയും കുഞ്ഞിനെയും അനധികൃതമായി തടവില്‍ പാര്‍പ്പിച്ച് ചോദ്യം ചെയ്തതിനെതിരെ സിവില്‍ റൈറ്റ്​സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്ക്​ പരാതി നൽകി. കീഴടങ്ങി ഏറെ വൈകാതെതന്നെ രശ്മിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചത്.

60 ലക്ഷത്തോളം രൂപ നിരവധി ഉദ്യോഗാര്‍ഥികളില്‍നിന്ന്​ സംഘം തട്ടിയെടുത്തെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രാജലക്ഷ്മിയെ പിടികൂടിയാല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വരൂവെന്നാണ് പൊലീസിന്റെ നിഗമനം. വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കിയാണ് തട്ടിപ്പ് സംഘം ഉദ്യോഗാര്‍ഥികളെ വലയില്‍ വീഴ്ത്തിയത്. 

Tags:    
News Summary - woman arrested for making fake letter in name of PSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.