തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി. ക്ഷേത്ര ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ക്ഷേത്രദര്‍ശനത്തിനത്തെുന്ന സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കണമെന്ന ഹരജിയില്‍ ഹൈകോടതി നിര്‍ദേശപ്രകാരമാണ് തീരുമാനമെടുത്തത്.
ക്ഷേത്രദര്‍ശനത്തിന് ചുരിദാറിനുമുകളില്‍ മുണ്ട് ധരിക്കണമെന്നതായിരുന്നു നിലവിലെ ആചാരം. ഇതിനെതിരെ തിരുവനന്തപുരം സ്വദേശിനി അഡ്വ. റിയരാജി ഹൈകോടതിയെ സമീപിച്ചതോടെയാണ് വഴിത്തിരിവുണ്ടായത്.
ഹരജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ എക്സിക്യൂട്ടിവ് ഓഫിസറെ ചുമതലപ്പെടുത്തി. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ കയറുന്നതിനെ വിലക്കുന്നത് ശരിയല്ല എന്നായിരുന്നു കോടതി നിരീക്ഷണം. ഒരുമാസത്തിനകം തീരുമാനം നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പരാതിക്കാരിയെയും ക്ഷേത്രം ഭരണസമിതിയെയും ഭക്തരുടെ സംഘടനാപ്രതിനിധികളെയും നേരിട്ട് വിളിപ്പിച്ച് വാദംകേട്ടശേഷമാണ് എക്സിക്യൂട്ടിവ് ഓഫിസര്‍ തീരുമാനമെടുത്തത്.
ചുരിദാര്‍ ആചാരവിരുദ്ധമാണെന്നും നിലവിലെ ആചാരം തുടരണമെന്നുമായിരുന്നു ഭരണസമിതിയുടെയും സീനിയര്‍ തന്ത്രിയുടെയും നിലപാട്.
ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ ക്ഷേത്ര ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് അവകാശമില്ളെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി.
ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ഭക്തരുടെ സംഘടനാപ്രതിനിധികളുടെ ആവശ്യം. എന്നാല്‍, സ്ത്രീകള്‍ക്ക് സൗകര്യപ്രദമെന്ന് പരിഗണിച്ചാണ് മാറ്റംവരുത്താന്‍ തീരുമാനിച്ചതെന്ന് എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ബുധനാഴ്ച മുതല്‍ ചുരിദാര്‍ ധരിച്ച് ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.