തിരുവനന്തപുരം: സമൂഹത്തില്‍ സ്ത്രീകള്‍ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്നതായി വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. മത്സ്യ സംസ്‌കരണ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷ.
വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ വേതനം ലഭിക്കുന്നില്ല. ചിലയിടങ്ങളില്‍ വിവാഹ ശേഷം ജോലി നിഷേധിക്കുന്നുണ്ട്. ഗര്‍ഭിണിയായ ശേഷം തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. അടുത്തിടെ ഒരു ഡോക്ടര്‍ക്ക് അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പ്രസവ ആനുകൂല്യം നിഷേധിച്ചുവെന്ന പരാതി വനിതാ കമീഷന്റെ പരിഗണനക്കു വന്നിരുന്നു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരി അല്ല എന്ന സമീപനമാണ് സ്ഥാപന മാനേജ്‌മെന്റ് കൈക്കൊണ്ടത്. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം ഉറപ്പുവരുത്തേണ്ടതുണ്ട്.
രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതേപോലെ വനിതാ ക്ഷേമ പദ്ധതികള്‍ ഏറ്റവും മികച്ച നിലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളുടെയും പ്രയോജനം സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയെന്നതാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. വിവേചനങ്ങളും ചൂഷണങ്ങളും സംബന്ധിച്ച പരാതികള്‍ പരിശോധിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയുമാണ് വനിതാ കമീഷന്റെ ലക്ഷ്യം.
എല്ലാ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലേക്കും നേരിട്ടു ചെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനായി പബ്ലിക് ഹിയറിങ്, പട്ടികവര്‍ഗ മേഖലാ കാമ്പ്, തീരദേശ കാമ്പ് തുടങ്ങിയ പരിപാടികള്‍ വനിതാ കമീഷന്‍ സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള അവസരമാണ് വനിതാ കമീഷന്‍ ഒരുക്കിയിട്ടുള്ളത്.
എട്ടുലക്ഷത്തോളം സ്ത്രീകള്‍ മത്സ്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അനുമാനിക്കുന്ന കേരളത്തില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശ പരിരക്ഷ ഉറപ്പുവരുത്താന്‍ തൊഴില്‍ വകുപ്പിന്റെയും തൊഴിലാളി സംഘടനകളുടെയും ഇടപെടല്‍ ഉണ്ടാകണം. ഗ്രാറ്റുവിറ്റി, പിഎഫ്, ഇഎസ്‌ഐ, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ എല്ലാം തൊഴിലാളികള്‍ക്ക് ലഭ്യമാകണമെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ അധ്യക്ഷത വഹിച്ചു. പബ്ലിക് ഹിയറിങിൽ അംഗം വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ മേരി സുജ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് ഒന്ന് ജി. ഷിബു ചര്‍ച്ച നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.