കാക്കനാട്: എറണാകുളം വനിത ജയിലിലെ മൂന്ന് തടവുകാർ ജയിൽ ചാടി. ജയിൽ ജീവനക്കാർ അവസരോചിതമായി ഇടപെട്ടതോടെ അഞ്ച് മിനിറ്റിനുള്ളിൽ മൂവരെയും കണ്ടെത്തി തിരിച്ച് ജയിലിലെത്തിച്ചു. ജീവനക്കാരിയെ കബളിപ്പിച്ച് കടക്കാനായിരുന്നു തടവുകാരുടെ ശ്രമം.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മോഷണക്കേസുകളിൽ ജയിലിലായ റസീന, ഷീബ, ഇന്ദു എന്നിവരാണ് കടക്കാൻ ശ്രമിച്ചത്. ഇവരെ പാർപ്പിച്ചിരുന്നത് എറണാകുളം ജില്ല ജയിലിെൻറ ഭാഗമായി പ്രവർത്തിക്കുന്ന വനിത ജയിലിലായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ കളയാൻ രാവിലെ ഏഴോടെ അസിസ്റ്റൻറ് സൂപ്രണ്ട് ശോഭയോടൊപ്പം പുറത്തിറങ്ങിയതായിരുന്നു ഇവർ.
ഗേറ്റിന് പുറത്തെത്തിയപ്പോൾ ശോഭയെ തള്ളിയിട്ടശേഷം ജയിലിന് സമീപത്തെ ഭക്ഷണ കൗണ്ടറിന് മുന്നിലൂടെ ഓടിമറയുകയായിരുന്നു. മൂവരും സീപോർട്ട്-എയർപോർട്ട് റോഡിലൂടെ കാക്കനാട് ഭാഗത്തേക്ക് ഓടിയത് മനസ്സിലാക്കിയ ജയിൽ ജീവനക്കാർ വാഹനത്തിൽ ഉടൻ ഇവരെ പിന്തുടർന്നു. ഒരു കിലോമീറ്ററോളം ഓടിയ ഇവരെ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലക്ക് മുന്നിൽനിന്ന് 7.05 ഓടെ പിടികൂടി ജയിലിൽ തിരിച്ചെത്തിച്ചു. ജില്ല ജയിൽ സൂപ്രണ്ട് ജഗദീഷിെൻറ നേതൃത്വത്തിലാണ് ജയിലിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.