കൊച്ചി: പ്രവര്‍ത്തനമേഖലകളില്‍ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് നടി ഉര്‍വശി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകള്‍ കൂടുതലായി കടന്നുവരേണ്ടതുണ്ട്.
തുല്യതക്കായി സ്ത്രീയും പുരുഷനും കൈകോര്‍ത്തുപിടിച്ച് മുന്നേറുകയാണ് വേണ്ടത്. വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളത്. നായികാപ്രാധാന്യമുള്ള സിനിമകള്‍ എന്റെ തിരഞ്ഞെടുപ്പായിരുന്നില്ല. മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വിജയനിർമലക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതില്‍ തനിക്ക് അക്കാലത്ത് വലിയ വിഷമം തോന്നിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങിൽ കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. ഡപ്യൂട്ടി മേയർ കെ.എ. അൻസിയ ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അതിഥി കൃഷ്ണദാസിന് നൽകി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു.
2022ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ദേവി വർമയെ ആദരിച്ചു. ‘സമം’ പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ സുജ സൂസൻ ജോർജ്, ‘കിസ്സ് വാഗൺ’ എന്ന ചിത്രത്തിന് റോട്ടർഡാം ചലച്ചിത്ര മേളയിൽ സ്പെഷൽ ജൂറി അവാർഡ് നേടിയ മിഥുൻ മുരളി, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ, സെക്രട്ടറി സി. അജോയ് എന്നിവർ സംസാരിച്ചു.
ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായി ‘ദ ഗ്രീന്‍ ബോര്‍ഡര്‍’ പ്രദര്‍ശിപ്പിച്ചു.
ഫെബ്രുവരി 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, സംഗീതപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.